ഭൂതത്താൻ കെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്നലെ ആലുവ ശിവക്ഷേത്രം മുങ്ങിയിരുന്നു. മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലർട്ടും 7 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളില്‍ ആണ് ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് ഉള്ളത്.
തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുമാണ്. ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെട്ടു. നിലവിലെ ന്യൂനമർദം ദുർബലമായ ശേഷം പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ഇടി മിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയില്‍ വീശിയെക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നിലവില്‍ വടക്കൻ കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെയും ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായും ന്യൂനമർദ പാത്തി നിലനില്‍ക്കുന്നതിനാല്‍ അടുത്ത 5 ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.