സംസ്ഥാനത്ത് ബുധനാഴ്ചയും മഴ തുടരുമെന്ന് മുന്നറിയിപ്പ്. വടക്കു പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമർദ്ദം ജൂലൈ 19 ഓടെ രൂപപ്പെടാൻ സാധ്യതയുണ്ട്.
അഞ്ച് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഏഴ് ജില്ലകളില്‍ മഞ്ഞ അലർട്ടുമുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.
ശക്തമായ മഴയെതുടർന്ന് ഇടുക്കിയിലെ കല്ലാർകുട്ടി പാമ്ബ്ള, ലോവർപെരിയ അണക്കെട്ടുകള്‍ തുറന്നു. ഇതേ തുടർന്ന് പെരിയാറിലും മുവാറ്റുപ്പുഴയാറിലും ജലനിരപ്പ് ഉയർന്നു. പത്തനംതിട്ടയിലെ കക്കി,ആനത്തോട് അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്യുന്നത്. ഇതേ തുടർന്ന് പമ്ബ, അച്ചൻകോവില്‍, മണിമലയാറുകളിലും ജലനിരപ്പുയർന്നു.ജലനിരപ്പുയർന്നതിനെ തുടർന്ന് ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു
രക്ഷാപ്രവർത്തനങ്ങള്‍ക്കായി കുട്ടനാട്ടില്‍ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. ശക്തമായ മഴയെ തുടർന്ന് കാഞ്ഞിരപ്പുഴ അണക്കെട്ട് തുറന്നു. ഇതേ തുടർന്ന് ഭാരതപ്പുഴയിലെ ജലനിരപ്പും ക്രമാധീതമായി ഉയർന്നു.
കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ എട്ടുപേരാണ് മരിച്ചത്. സംസ്ഥാനത്ത് വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വഴയിലയ്ക്ക് സമീപം കാറിന് മുകളില്‍ മരം വീണ് യുവതി മരിച്ചു. തൊളിക്കോട് സ്വദേശി മോളിയാണ് (42) മരിച്ചത്. ഒപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റു. കാർ പൂർണ്ണമായും തകർന്നു.ഇടുക്കി മാങ്കുളത്ത് പുഴയില്‍ കാല്‍വഴുതി വീണ് യുവാവ് മരിച്ചു. മാങ്കുളം സ്വദേശി സനീഷ് (42) വയസ്സാണ് മരിച്ചത്. ആലപ്പുഴയില്‍ മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉനൈസ് മരിച്ചു. തിരുവന്തപുരത്ത് വള്ളം മറിഞ്ഞ് അലോഷ്യസ്(45) മരിച്ചു.
കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ 34 വീടുകളാണ് തകർന്നത്. പത്തനംതിട്ടയില്‍ ഭാഗീകമായി 62 വീടൂകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. എറണാകുളത്ത് 32 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ,തൃശൂർ ജില്ലയിലും വ്യാപകമായി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.വയനാട് കല്‍പ്പറ്റ ബൈപ്പാസിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടർന്ന് ഏറെനേരം ഗതാഗതം തടസപ്പെട്ടു. രാത്രി പെയ്ത കനത്ത മഴയില്‍ ബൈപ്പാസിലെ മലയ്ക്ക് മുകളില്‍ ഉരുള്‍പൊട്ടിയതിനെത്തുടർന്നാണ് വെള്ളം കുത്തിയൊലിച്ചെത്തിയതെന്നാണ് സൂചന.വയനാട്-കണ്ണൂർ പാല്‍ചുരം റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.