ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിവിധ വകുപ്പുകളുടെ യോഗം വിളിച്ചു.വ്യാഴാഴ്ച രാവിലെ പതിനൊന്നരയ്ക്ക് ഓണ്‍ലൈനായിട്ടാണ് യോഗം.തദ്ദേശ, പൊതുമരാമത്ത്, തൊഴില്‍, ഭക്ഷ്യം, കായികം, റെയില്‍വേ, ആരോഗ്യം, ജലവിഭവം തുടങ്ങി വിവിധ വകുപ്പ് മന്ത്രിമാരും എംഎല്‍എമാരും മേയറും യോഗത്തില്‍ പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരും റെയില്‍വേ ഡിവിഷണല്‍ മാനേജരും യോഗത്തിലുണ്ടാകും. മാലിന്യനിർമാർജനത്തില്‍ വകുപ്പുകളുടെ ഏകോപനം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചർച്ചയാകുമെന്നാണ് വിവരം.ഇതിനിടെ, മാലിന്യം അടിയുന്നതില്‍ യാതൊരു പങ്കുമില്ലെന്ന് വിശദീകരിച്ച് റെയില്‍വേ വീണ്ടും രംഗത്തെത്തി. മാലിന്യം കളയാൻ തങ്ങള്‍ക്ക് കൃത്യമായ സംവിധാനങ്ങള്‍ ഉണ്ടെന്നാണ് റെയില്‍വേയുടെ വിശദീകരണം.അതേസമയം, ആമയിഴഞ്ചാൻ തോട്ടില്‍ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള ജോലികള്‍ കോർപ്പറേഷൻ വേഗത്തിലാക്കിയിട്ടുണ്ട്.ജോയിയുടെ മൃതദേഹം കണ്ടെത്തിയ തകരപ്പറമ്ബ് അടക്കമുള്ള സ്ഥലങ്ങളിലാണ് കോർപ്പറേഷന്റെ ശുചീകരണം.