സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശം. മഴക്കെടുതില്‍ മൂന്നു പേർക്ക് ചൊവ്വാഴ്ച ജീവൻ നഷ്ടമായി.പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമർ ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. കൊട്ടേക്കാട് കൊടക്കുന്ന് സുലോചന ( 53) മകൻ രഞ്ജിത്ത് (32) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലും ചുമർ ഇടിഞ്ഞു വീഴുകയായിരുന്നു.രാവിലെ വീട് തകർന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇരുവരെയും കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് മരിച്ച രഞ്ജിത്ത്. ഇവർ താമസിച്ചിരുന്ന വീട് അതീവ ശോചനീയാവസ്ഥയിലായിരുന്നു.കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന (51) ആണ് മരിച്ചത്. വെള്ളക്കെട്ടിനടയിലുണ്ടായ കിണറ്റില്‍ വീഴുകയായിരുന്നു.