ആര്യങ്കാവില്‍ മരം വീണ് വൻ നാശം; മൂന്നു പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

കനത്ത മഴയില്‍ ആര്യങ്കാവില്‍ കൂറ്റൻ മരം കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലൂടെ ദേശീയ പാതയിലേക്ക് കടപുഴകിവീണു.കാത്തിരിപ്പ് കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മൂന്നു പേർ ഓടി രക്ഷപ്പെട്ടതിനാല്‍ വൻ ദുരന്തം തലനാരിഴക്ക് ഒഴിവായി. നാല് വാഹനങ്ങള്‍ക്ക് ഭാഗികമായി നാശം നേരിട്ടു. അന്തർസംസ്ഥാന പാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നു.തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം. ശക്തമായ മഴയിലും കാറ്റിലും ആര്യങ്കാവ് റേഞ്ച് ഓഫിസ് വളപ്പില്‍ നിന്ന കൂറ്റൻ മഹാഗണിയാണ് വീണത്. കാത്തിരിപ്പ് കേന്ദ്രം പൂർണമായി തകർന്നു. റോഡിലൂടെ കടന്നുപോകുകയായിരുന്ന തമിഴ്നാട് സ്വദേശികളായ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും സമീപത്ത് പാർക്ക് ചെയ്തിരുന്ന മറ്റു മൂന്നു വാഹനങ്ങളും ഭാഗികമായി തകർന്നു. നാല് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. ലൈനും തകരാറിയതിനാല്‍ ഈ മേഖലയില്‍ വൈദ്യുതി മുടങ്ങി. നാട്ടുകാരും വനപാലകരും ഒരു മണിക്കൂറോളം പരിശ്രമിച്ച്‌ മരംവെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.പുനലൂർ: അലിമുക്ക്-അച്ചൻകോവില്‍ കാനനപാതയില്‍ പലസ്ഥലങ്ങളിലും മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച ഉച്ചക്കും വൈകീട്ടുമുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് തേക്ക്, അക്കേഷ്യ മരങ്ങള്‍ പാതയിലേക്ക് വീണത്. പുനലൂരില്‍ നിന്നുള്ള കെ.എസ്.ആർ.ടിംസി ബസ് അച്ചൻകോവിലിലേക്ക് പോകുമ്ബോഴും തിരികെ വരുമ്ബോഴും വഴിയില്‍ തടസ്സം നേരിട്ടു. മുള്ളുമല ഡിപ്പോ ഓഫിസിന് സമീപവും വന്മള എന്നിവിടങ്ങളിലാണ് തടസ്സമുണ്ടായത്. നാട്ടുകാരും വനപാലകരും ചേർന്ന് മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഭീഷണിയായി ഇനിയും നൂറ് കണക്കിന് മരങ്ങള്‍പാതയോരത്തും അല്ലാതെയുമായി നൂറു കണക്കിന് മരങ്ങള്‍ ദേശീയപാതയില്‍ അപകടനിലയിലുണ്ട്. എം.എല്‍.എ, കലക്ടർ എന്നിവർ പലതവണ ആവശ്യപ്പെട്ടിട്ടും അപകടഭീഷണിയുള്ളവ പൂർണമായി മുറിച്ച്‌ മാറ്റാൻ വന, പൊതുമരാമത്ത് വകുപ്പ് അധികൃതർ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *