തുഞ്ചന്റെ കിളിമകള്‍ ചൊല്ലും കഥകള്‍ക്കായി ഇനി മലയാളികള്‍ക്ക് കാതോർക്കാം . മഴയ്ക്കൊപ്പം രാമകഥയും കാതില്‍ പെയ്തിറങ്ങുന്ന കർക്കിടക മാസത്തിന് ഇന്ന് ആരംഭം .വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും.രാമായണശീലുകള്‍ക്കൊപ്പമാണ് ഒരു കര്‍ക്കടകം കൂടിയെത്തുന്നത്. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികള്‍ നിറഞ്ഞ പ്രഭാതങ്ങളാണിനി. ഹൈന്ദവഗൃഹങ്ങളില്‍ ദിവസവും രാമായണം പാരായണം ചെയ്യും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്ബോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം.സ്ത്രീകള്‍ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയില്‍ തൊടും. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. കള്ളക്കര്‍ക്കടകം എന്നും പഞ്ഞക്കര്‍ക്കടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കര്‍ക്കടം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കർക്കടകത്തില്‍ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം .രോഗങ്ങളെ പ്രതിരോധിക്കാൻ മനസ്സിനും ശരീരത്തിനും പരിചരണം നല്‍കുന്ന കാലം. പൊതുവെ ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളോടെയാണ് രാമായണ മാസം ആചരിക്കുക. നാലമ്ബലദർശനവും കർക്കടകമാസത്തിലെ മാത്രം പ്രത്യേകതയാണ്.