ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ 17 നു രാവിലെ 11.30 ന് സെക്രട്ടേറിയറ്റ് ഉദ്യാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.മണ്‍ചട്ടിയിലും നിലത്തുമായി 13 വിവിധ ഇനങ്ങളിലുള്ള പച്ചക്കറികള്‍ സെക്രട്ടേറിയറ്റ് അങ്കണത്തിലെ കൃഷിക്ക് വേണ്ടി ഉപയോഗിക്കും.ഓണത്തിന് വിളവെടുപ്പ് ഉദ്ദേശിച്ച് ഓറഞ്ച് /മഞ്ഞ നിറത്തിലുള്ള 1200 ഹൈബ്രിഡ് ജമന്തി തൈകളും സെക്രട്ടറിയേറ്റ് അങ്കണത്തില്‍ നടാൻ തീരുമാനിച്ചിട്ടുണ്ട്. 560 ചെടിച്ചട്ടികളില്‍ വഴുതന, കത്തിരി, മുളക്, തക്കാളി, വെണ്ട എന്നീ ഇനങ്ങളുടെ ഹൈബ്രിഡ് തൈകള്‍ നടും. ചീര, മത്തൻ, നിത്യവഴുതന, പടവലം, വെള്ളരി, സാലഡ് വെള്ളരി, പയർ, പാവല്‍ എന്നീ പച്ചക്കറികള്‍ നിലത്തും നട്ട് പരിപാലിക്കും.ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കൃഷിഭവനുകളിലൂടെയും വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്യും. ഉദ്ഘാടന വേളയില്‍ വിവിധ വകുപ്പ് മന്ത്രിമാർ, ജനപ്രതിനിധികള്‍, ഉന്നത ഉദ്ദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.