കുത്തിത്തിരുപ്പില്‍ ഡിപ്ലോമയുണ്ടോ?; മാത്യു തോമസ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു

മാത്യു തോമസ് നായകനാകുന്ന ഹൊറർ കോമഡി ചിത്രത്തിലേക്ക് നവാഗതരെ തേടി അണിയറ പ്രവർ‌ത്തകർ. സുഡാനി ഫ്രം നൈജീരിയ, കെട്ടോള്യാളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങളുടെ എ‍ഡിറ്റർ നൗഫല്‍ അബ്ദുള്ള സംവിധാന കുപ്പായമണിയുന്ന ആദ്യ ചിത്രത്തിലേക്കാണ് അഭിനേതാക്കളെ തേടുന്നത്.

ജ്യോതിഷ് എം, സുനു എ.വി എന്നിവര്‌ ചേർ‌ന്നാണ് തിരക്കഥയൊരുക്കുന്നത്.

വളരെ രസകരമായ രീതിയിലാണ് കാസ്റ്റിംഗ് കോള്‍ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളില്‍‌ പ്രത്യക്ഷപ്പെട്ടത്. കൊച്ചുവായില്‍ വലിയ വർത്താനം പറയുന്ന 10-നും 12-നുമിടയില്‍ പ്രായമുള്ള ചെക്കനെയും കറകളഞ്ഞ മദ്യപാനിയെയും ചുരുളൻ മുടിയുള്ള ആറ് വസുകാരനെയുമൊക്കെയാണ് ചിത്രത്തിലേക്കായി ക്ഷണിക്കുന്നത്.

ഏത് മതിലും നിഷ്പ്രയാസം ചാടുന്ന അക്രോബാറ്റിക് യുവാവിനെയും കുത്തിത്തിരിപ്പില്‍ ഡിപ്ലോമയെടുത്ത കൂട്ടുകാരിയെയും ഹൊറർ കോമഡി ചിത്രത്തിലേക്ക് തിരയുന്നുണ്ട്. വയനാടുള്ളവർ‌ക്ക് മുൻഗണനയെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം, മാത്യൂസ് തോമസിന്റെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ‘കപ്പ്’ ആണ്. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയും എയ്ഞ്ചലീന മേരിയും നിര്‍മിച്ച്‌ അല്‍ഫോണ്‍സ് പുത്രന്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്.മാത്യു തോമസ് പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജു വി. സാമുവല്‍ ആണ്. സംഗീതം ഷാന്‍ റഹ്‌മാനാണ്.

ബാഡ്മിന്റണ്‍ ഗെയിമില്‍ പ്രതീക്ഷയോടെ മുന്നേറുന്ന വെള്ളത്തൂവല്‍ ഗ്രാമത്തിലെ പതിനാറുകാരന്‍ നിധിന്റെ കഥയാണ് ‘കപ്പ് ‘. നിധിന്‍ എന്ന കഥാപാത്രമായി മാത്യു തോമസ് വേഷമിടുമ്ബോള്‍, ബാബു എന്ന അച്ഛന്‍ കഥാപാത്രത്തെ ഗുരു സോമസുന്ദരവും അമ്മയായി തുഷാര പിള്ളയും, ചേച്ചി ആയി മൃണാളിനി സൂസന്‍ ജോര്‍ജും എത്തുന്നു.

കഥയില്‍ നിധിന് ഏറ്റവും വേണ്ടപ്പെട്ട ആളായി എത്തുന്നത് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന റനീഷ് എന്ന കഥാപാത്രമാണ്. മുഴുനീള കഥാപാത്രമായി ബേസില്‍ എത്തുമ്ബോള്‍ വളരെ പ്രധാപ്പെട്ട വ്യത്യസ്തമായ റോളില്‍ നമിത പ്രമോദും കൂട്ടുകാരന്റെ വേഷത്തില്‍ കാര്‍ത്തിക് വിഷ്ണുവും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നു. അനിഖ സുരേന്ദ്രനും പുതുമുഖം റിയ ഷിബുവുമാണ് നായികമാരായി എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *