യൂറോ കപ്പ് 2024ലെ വ്യക്തിഗത പുരസ്‌കാരങ്ങള്‍ തൂത്തുവാരി സ്‌പാനിഷ് താരങ്ങള്‍. സ്‌പെയ്‌ൻറെ റോഡ്രി മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കൗമാര വിസ്‌മയം ലാമിൻ യമാലാണ് മികച്ച യുവതാരം.
ലാമിൻ യമാല്‍ എന്ന വരുംകാല താരത്തിൻറെ വരവറിയിക്കലായി യൂറോ 2024. ഈ യൂറോയില്‍ നാല് അസിസ്റ്റുകള്‍ക്കൊപ്പം തൊട്ടതെല്ലാം റെക്കോർഡാക്കി മാറ്റിയ സ്‌പാനിഷ് 17കാരന് യംഗ് പ്ലെയർ അവാർഡിന് എതിരാളികളില്ലായിരുന്നു. മധ്യനിരയില്‍ സ്‌പാനിഷ് കുതിപ്പിൻറെ ഗതിയും വിധിയും നിയന്ത്രിച്ച റോഡ്രിയാണ് ടൂർണമെൻറിൻറെ താരം. ഫൈനലിലെ മികച്ച താരമായി സ്‌പെയ്‌നിൻറെ ഇടത് വിങിലെ യുവരക്തം നിക്കോ വില്യംസ് തെരഞ്ഞെടുക്കപ്പെട്ടു. കലാശപ്പോരില്‍ നിക്കോ വലചലിപ്പിച്ചിരുന്നു. ലാമിൻ യമാല്‍-നിക്കോ വില്യംസ് കൂട്ടുകെട്ടാണ് ടൂർണമെൻറില്‍ സ്‌പാനിഷ് കുതിപ്പിന് പ്രധാന ഊർജമായത്. മൂന്ന് ഗോള്‍ വീതം നേടിയ ഡാനി ഓല്‍മോ, ഹാരി കെയ്ൻ, കോഡി ഗാക്പോ, ജമാല്‍ മുസ്യാല, ഇവാൻ സ്ക്രാൻസ്, ജോർജസ് മികൗറ്റാഡ്സേ എന്നിവർ ടോപ് സ്കോറർക്കുള്ള ഗോള്‍ഡണ്‍ ബൂട്ട് പങ്കിട്ടു.
യൂറോ 2024ൻറെ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ഇംഗ്ലണ്ടിനെ തോല്‍പിച്ച് സ്‌പെയിൻ ചാമ്ബ്യൻമാരായിരുന്നു. സ്‌പെയ്‌നായി നിക്കോ വില്യംസും മികേല്‍ ഓയർസബാലുമാണ് ഗോളുകള്‍ നേടിയതെങ്കില്‍ കോള്‍ പാല്‍മറിലൂടെയായിരുന്നു ഇംഗ്ലണ്ടിൻറെ ഏക മറുപടി. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലില്‍ തോല്‍ക്കുന്നത്. നാലാം കിരീടം നേടിയ സ്പെയ്ൻ ഏറ്റവും കൂടുതല്‍ തവണ യൂറോ കപ്പ് നേടുന്ന ടീമെന്ന നേട്ടവും സ്വന്തമാക്കി. ഈ ടൂർണമെൻറിലെ എല്ലാ കളിയും ജയിച്ചാണ് സ്പെയൻറെ വിജയേഭേരി.