കാവേരി; 8000 ക്യുസെക്സ് ജലം തമിഴ്നാടിന് വിട്ടുനല്‍കും; മുഖ്യമന്ത്രി

അയല്‍ സംസ്ഥാനമായ തമിഴ്നാടിന് 8000 ക്യുസെക്സ് ജലം കാവേരി നദിയില്‍ നിന്ന് വിട്ടു നല്‍കാൻ കർണാടക സന്നദ്ധമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.

ജൂലൈ അവസാനം വരെ തമിഴ്‌നാടിന് പ്രതിദിനം ഒരു ടി.എം.സി കാവേരി നദീജലം വിട്ടുനല്‍കണമെന്ന കാവേരി ജല നിയന്ത്രണ അതോറിറ്റിയുടെ (സി.ഡബ്ല്യു.ആർ.സി) നിർദേശത്തിന് ബദലായാണ് കർണാടകയുടെ നിർദേശം. ഇതുസംബന്ധിച്ച്‌ ഞായറാഴ്ച ചേർന്ന സർവകക്ഷി യോഗത്തിലാണ് കർണാടക നിലപാട് പ്രഖ്യാപിച്ചത്.

കാവേരി നദിയിലെ അണക്കെട്ടില്‍ 63 ശതമാനം ജലം മാത്രമാണുള്ളതെന്നും ഈ സാഹചര്യത്തില്‍ ദിനംപ്രതി ഒരു ടി.എം.സി ജലം നല്‍കാനാവില്ലെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ ബംഗളൂരുവില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒരു ടി.എം.സി ജലം എന്നാല്‍, 11500 ക്യുസെക്സ് ജലമാണ്. എന്നാല്‍, 8000 ക്യുസെക്സ് ജലം മാത്രമേ തമിഴ്നാടിന് വിട്ടുനല്‍കാനാവൂ എന്നതാണ് എല്ലാ പാർട്ടികളുടെയും തീരുമാനം. നല്ല മഴ ലഭിച്ചാല്‍ ഒരു ടി.എം.സി ജലം നല്‍കാനാവും. മഴ കുറഞ്ഞാല്‍ വിട്ടു നല്‍കുന്ന ജലത്തിന്റെ അളവും കുറക്കും. ഇതുസംബന്ധിച്ച്‌ കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *