ജനാധിപത്യത്തില്‍ ജനങ്ങളാണ് പരമാധികാരികളെന്നും ജനഹിതം മാനിക്കാൻ രാഷ്ട്രീയ പാർട്ടികള്‍ തയ്യാറാകണമെന്നും രാഷ്ട്രീയ സ്വയം സേവക്സംഘ് (ആർഎസ്‌എസ്).
റാഞ്ചിയില്‍ നടന്ന ത്രിദിന പ്രാന്ത പ്രചാരക് യോഗത്തിന്റെ സമാപന ദിനത്തില്‍ ആർഎസ്‌എസ് അഖില ഭാരതീയ പ്രചാര് പ്രമുഖ് സുനില്‍ അംബേക്കറാണ് പരാമർശം നടത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഭൂരിപക്ഷം 240 ആയി കുറഞ്ഞതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
”ജനാധിപത്യത്തില്‍ പൊതുസമൂഹമാണ് പരമാധികാരികള്‍; അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യവും. എല്ലാ രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് കാലത്ത് അവരുടെ സന്ദേശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നു. ആ സന്ദേശങ്ങളെ അടിസ്ഥാനമാക്കിയാണ് ജനങ്ങള്‍ തീരുമാനമെടുക്കുന്നത്. പൊതുജനങ്ങള്‍ അവരുടെ തീരുമാനം എടുത്തു, അത് തിരഞ്ഞെടുപ്പില്‍ കണ്ടു. അതിനെ മാനിക്കാനാണ് എല്ലാവരും തയ്യാറാകേണ്ടത്’- അദ്ദേഹം പറഞ്ഞു. ബി.ജെ.പി. വളർന്നുവെന്നും ഇനി ആർ.എസ്.എസിന്റെ പിന്തുണ അനിവാര്യമല്ലെന്നുമുള്ള ദേശീയാധ്യക്ഷൻ ജെ.പി. നദ്ദയുടെ പ്രസ്താവനയെപ്പറ്റി ചോദിച്ചപ്പോള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനത്തിലും ആർഎസ്‌എസ് ഇടപെടുന്നില്ലെന്നും, മറിച്ച് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതില്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ആർഎസ്‌എസ് ശൃംഖല വിപുലീകരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ യോഗം ചർച്ച ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആർഎസ്‌എസ് അംഗങ്ങള്‍ ബിജെപിയെ കൂടുതല്‍ സജീവമായി സഹായിക്കാനുള്ള സാധ്യത ചർച്ചയ്ക്ക് വരുമെന്ന് നേരത്തെ സൂചിനയുണ്ടായിരുന്നു. അതിനിടയിലാണ് റാഞ്ചിയിലെ യോഗത്തില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. കേരളത്തില്‍ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളില്‍ നടക്കുന്ന സമന്വയ ബൈഠക്കില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്‌എസ് 2025ഓടെ നൂറുവർഷം പൂർത്തിയാക്കുന്നതിന് മുന്നോടിയായി രാജ്യത്തിന്റെ് എല്ലാ ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സുനില്‍ അംബേക്കർ