സുവാരസ്!!! ത്രില്ലറില്‍ കാനഡ വീണു, കോപ്പയില്‍ ഉറുഗ്വെ മൂന്നാം സ്ഥാനക്കാര്‍

കാനഡയ്ക്കും ചരിത്ര വിജയത്തിനും ഇടയിലെ വിലങ്ങു തടി ആ മനുഷ്യനായിരുന്നു. ലൂയീസ് സുവാരസ്. ത്രില്ലര്‍ പോരില്‍ കാനഡയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തി ഉറുഗ്വെ മൂന്നാം സ്ഥാനം സ്വന്തമാക്കി മടങ്ങി.നിശ്ചിത സമയത്തിന്റെ അവസാന ഘട്ടത്തില്‍ രണ്ടാം ഗോള്‍ അടിച്ച്‌ കാനഡ ചരിത്ര വിജയത്തിലേക്ക് നീണ്ട ഘട്ടത്തിലാണ് രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി സുവാരസ് ഇഞ്ച്വറി സമയത്ത് സമനില ഗോള്‍ അടിച്ച്‌ അവരുടെ പ്രതീക്ഷ തല്ലിക്കെടുത്തിയത്. മത്സരം നിശ്ചിത സമയത്ത് 2-2നു സമനിലയില്‍ അവസാനിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-4നു ഉറുഗ്വെ വിജയം പിടിച്ച്‌ മൂന്നാം സ്ഥാനം സ്വന്തമാക്കി. ടൂര്‍ണമെന്റിലുടനീളം അസാമാന്യ മികവോടെ കളിച്ച കാനഡയെ സംബന്ധിച്ച്‌ നാലാം സ്ഥാനം വലിയ കാര്യമാണ്.നിശ്ചിത സമയത്ത് അടിക്ക് തിരിച്ചടി എന്ന നിലയില്‍ കാനഡയും ഉറുഗ്വെയും ഒപ്പം നിന്നു. പന്തടക്കത്തില്‍ പാസിങിലും ആക്രമണം നടത്തുന്നതിലും നേരിയ മുന്‍തൂക്കം കാനഡയ്ക്കുണ്ടായിരുന്നു. എന്നാല്‍ ആദ്യ വല ചലിപ്പിച്ചത് ഉറുഗ്വെയാണ്.എട്ടാം മിനിറ്റില്‍ കോര്‍ണറില്‍ നിന്നു ലഭിച്ച പന്ത് ബോക്‌സിന്റെ മധ്യത്തില്‍ നിന്നു സെബാസ്റ്റിയന്‍ കാസെറസ് ഹെഡ്ഡ് ചെയ്തു നല്‍കിയത് ബോക്‌സിനരിക ഇടതു വശത്ത് സ്വതന്ത്രനായി നിന്ന റോഡ്രിഗോ ബെന്റന്‍ക്യുറിനു. വലതു കാലില്‍ പന്തൊതുക്കി വെട്ടിത്തിരിഞ്ഞ് താരം പന്ത് വലയിലേക്ക് സുന്ദരമായി ചെത്തിയിട്ടു.എന്നാല്‍ 22ാം മിനിറ്റില്‍ കാനഡ സമനില പിടിച്ചു. ഈ ഗോളും കോര്‍ണറില്‍ നിന്നാണ് തുടങ്ങിയത്. ബോക്‌സില്‍ നിന്നു തന്നെ മോയ്‌സ് ബോംബിറ്റോ ഹെഡ്ഡ് ചെയ്തു നല്‍കിയ പന്ത് മനോഹരമായ സിസര്‍ കട്ടിലൂടെ താരം വലയിലിട്ടു.പിന്നീട് ഇരു പക്ഷവും ഗോള്‍ കാണാതെ വലഞ്ഞു. 80ാം മിനിറ്റില്‍ കാനഡയുടെ അപ്രതീക്ഷിത ലീഡ്. റീബൗണ്ടില്‍ വന്ന പന്തിനെ വലയിലേക്ക് നീട്ടി ജൊനാഥന്‍ ഡേവിഡാണ് കാനഡയ്ക്ക് ലീഡ് സമ്മാനിച്ചത്.പക്ഷേ കാനഡയുടെ ആഹ്ലാദത്തിനു അല്‍പ്പായുസായിരുന്നു. നിര്‍ണായക ഘട്ടത്തില്‍ ഉറുഗ്വെ മുന്നേറ്റം. ജോസ് ജിമെനെസ് വലതു കോര്‍ണറിനു അരികെ നിന്നു കൃത്യമായി ബോക്‌സിലേക്ക് കൊടുത്ത പന്ത് സുവാരസ് കിറുകൃത്യമായി ഫിനിഷ് ചെയ്തു. കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീട്ടാന്‍ വെറ്ററന്‍ ഇതിഹാസത്തിനു കഴിഞ്ഞു.ഷൂട്ടൗട്ടില്‍ ഉറുഗ്വെയെടുത്ത നാല് കിക്കുകളും ലക്ഷ്യം കണ്ടു. കാനഡയ്ക്ക് രണ്ടിടത്തു പിഴച്ചു. ഫെഡറിക്കോ വാല്‍വര്‍ഡെ, ബെന്റന്‍ക്യുര്‍, ജോര്‍ജിയന്‍ ആലാസ്‌ക്യെറ്റ, സുവാരസ് എന്നിവര്‍ വല ചലിപ്പിച്ചു.കാനഡയുടെ ജൊനാഥന്‍ ഡേവിഡ്, മോയ്‌സ് ബോംബിറ്റോ, മത്യാവു ചോയ്‌നിരെ എന്നിവര്‍ ലക്ഷ്യം കണ്ടു. ഇസ്മയില്‍ കോന്‍ എടുത്ത കിക്ക് ഉറുഗ്വ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റോഷെ തടുത്തു. കനേഡിയന്‍ നായകന്‍ അല്‍ഫോണ്‍സോ ഡേവിസിന്റെ ഷോട്ട് ബാറില്‍ തട്ടി പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *