കാട്ടാനക്കൂട്ടം കൈയേറിയ കൃഷിഭൂമി കർഷകർ ഉപേക്ഷിച്ച നിലയിലായതോടെ ഇവിടം കാട്ടാനകളുടെ താവളങ്ങളായി മാറി.കരിമ്ബ, തച്ചമ്ബാറ പഞ്ചായത്തുകളുടെ മലയോര മേഖലയില്‍ നിരവധി തോട്ടങ്ങളാണ് കാടുകയറി നില്‍ക്കുന്നത്. രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണാനാകാതെയാണ് ഈ സ്ഥിതിയായത്. കരിമ്ബ ഗ്രാമപഞ്ചായത്തിലെ വാക്കോട്, ചെറുമല, മീൻവല്ലം, കുറുമുഖം, കരിമല, മുണ്ടനാട് എന്നിവിടങ്ങളിലും തച്ചമ്ബാറ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാലക്കയം നിരവ് പ്രദേശങ്ങളിലും വിസ്തൃതിയേറിയ കൃഷിഭൂമി കാടെടുത്ത നിലയിലാണ്.ഒരു കാലഘട്ടത്തില്‍ മികച്ച രീതിയില്‍ കൃഷി ചെയ്തിരുന്ന ഇവിടങ്ങളിലെ തെങ്ങ്, കമുക്, റബ്ബർ തുടങ്ങിയ ഫലവൃക്ഷങ്ങളും വാഴയും കിഴങ്ങുവർഗങ്ങളുമുള്‍പ്പെടെയുള്ള ഇടവിളകളും കാട്ടാനയും കാട്ടുപന്നിയുമുള്‍പ്പടെ വന്യമൃഗങ്ങള്‍ നശിപ്പിക്കുകയും പ്രതിരോധിക്കാനുള്ള മാർഗങ്ങള്‍ പരാജയപ്പെടുകയും ചെയ്തതോടെയാണ് കർഷകരില്‍ പലരും കൃഷിയിടം ഉപേക്ഷിക്കുവാൻ നിർബന്ധിതരായത്.രാസവള വില വർധനവ്, കാർഷിക വിളകളുടെ വിലയിടിവ് എന്നിവ കർഷകരെ വിഷമസന്ധിയിലാക്കിയിട്ടും വന്യമൃഗശല്യത്തിനിടയിലും കൃഷി തുടരുകയായിരുന്നു. നിരന്തരമായ കാട്ടാന ശല്യത്തില്‍ ഉപജീവനോപാധികള്‍ നഷ്ടമായി. ജീവനുപോലും സുരക്ഷിയല്ലാത്ത സാഹചര്യത്തില്‍ പണിയെടുക്കാൻ തൊഴിലാളികളെ ലഭിക്കാതെ വരുന്നതും കർഷകരെ നിരാശരാക്കി. ഇതോടെ പല തോട്ടങ്ങളും തരിശുഭൂമിയായി. കാട് കയറിയതോടെ വന്യമൃഗങ്ങള്‍ക്കിത് പകല്‍ സങ്കേതങ്ങളുമായി .വനാതിർകളിലായി ഇത്തരത്തില്‍ അടിക്കാടുകള്‍ നിറഞ്ഞ സ്വകാര്യ സ്ഥലങ്ങളില്‍ തങ്ങുന്ന കാട്ടാനകള്‍ രാത്രി സമയങ്ങളില്‍ നാട്ടിൻ പുറങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നതും പതിവായി. ഇത്തരത്തില്‍ കാടുകയറിയ സ്വകാര്യ കൃഷിയിടങ്ങള്‍ പൂർവസ്ഥിതിയിലാക്കാൻ റവന്യു-പഞ്ചായത്ത് ഇടപെടലുണ്ടാകണമെന്നാണ് വനം വകുപ്പ് വാദം. ഇത്തരത്തില്‍ കാടുപിടിച്ച തോട്ടങ്ങളുടെ ഉടമകള്‍ക്ക് വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കാനൊരുങ്ങുകയാണ് കരിമ്ബ ഗ്രാമപഞ്ചായത്ത് അധികൃതർ. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരം തോട്ടങ്ങള്‍ കൃഷിയോഗ്യമാക്കാൻ തയാറാകണമെന്ന് കർഷകരും ആവശ്യപ്പെടുന്നുണ്ട്.