ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ കാമറയ്ക്കു മുന്നിലെത്തി പിന്നീട് തെന്നിന്ത്യ മുഴുവൻ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് സായി പല്ലവി.
പ്രേമത്തിലൂടെ മലയാളികള്‍ക്ക് സ്വന്തം മലര്‍ മിസായി മാറിയ സായി പിന്നീട് മുന്‍ നിര നായികമാരെയെല്ലാം പിന്തള്ളി ഒന്നാം നിരയിലേക്ക് കുതിച്ചു.
കഴിഞ്ഞദിവസമാണ് മലയാളികളുടെ മലര്‍ മിസ് ഡോ. സായി പല്ലവിയായി മാറിയത്. ജോര്‍ജിയയിലെ തിബ്‌ലിസി മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് സായി പല്ലവി എംബിബിഎസ് ബിരുദം നേടിയത്. കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിന്‍റെയും ഡിഗ്രി സര്‍ട്ടിഫിക്കറ് ഏറ്റുവാങ്ങുന്നതിന്‍റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നിരവധി താരങ്ങളും ആരാധകരുമാണ് താരത്തിന് കമന്‍റിലൂടെ ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തുന്നത്. തിരക്കുകളില്‍നിന്നു തിരക്കുകളിലേക്ക് കുതിച്ചപ്പോഴും അഭിനയം പോലെ പാഷനായ തന്‍റെ ബിരുദവും സായി നേടുകയായിരുന്നു.
ഒരിക്കലും ഡോക്ടര്‍ എന്ന പ്രഫഷന്‍ ഉപേക്ഷിക്കില്ലെന്ന് സായി പല്ലവി മുന്‍പ് പലകുറി പറഞ്ഞിരുന്നു. ആളുകളെ ചികിത്സിക്കുക എന്നത് ഒരു പ്രഫഷനായി എടുക്കാന്‍ വേണ്ടിയല്ല താൻ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ജീവന്‍റെയും ആരോഗ്യത്തിന്‍റെയും പ്രാധാന്യത്തെക്കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കണം. സ്വന്തം ശരീരത്തെയും ആരോഗ്യത്തെയും ആളുകള്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യണം.
ഇത്രയും നല്‍കിയതെല്ലാം ദൈവത്തിന്‍റെ സമ്മാനം ആണെന്നും അപ്രതീക്ഷിതമായിട്ടാണ് സിനിമയില്‍ എത്തിയതെന്നും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും സായി പറഞ്ഞിരുന്നു. ഡോക്ടര്‍ ആകുന്നതോടെ സായി സിനിമ വിടുന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ ഇടയ്ക്കു വന്നിരുന്നു.
ഓരോ വാര്‍ത്തകള്‍ പുറത്തുവരുമ്ബോഴും അതിനുപിന്നാലെ സായിയുടെ ഏതെങ്കിലും ഒരു പുതിയ ചിത്രത്തിന്‍റെ വാര്‍ത്തയും വരുന്നുണ്ടാകും. അടുത്തിടെയാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ്‍ ചിത്രത്തില്‍ സീതയായാണ് നടി അഭിനയിക്കുന്ന വാര്‍ത്ത പുറത്തുവന്നത്.
രണ്‍ബീര്‍ കപുറാണ് രാമന്‍ അയി എത്തുന്നത്. ആലിയ ഭട്ടിനെയാണ് സംവിധായകന്‍ സീതയായി ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് അവര്‍ പിന്മാറിയപ്പോഴാണ് സായി അഭിനയിക്കാന്‍ എത്തിയത്. ഈ ഒരു ചിത്രത്തിന് മാത്രം സായി ആറുകോടി രൂപ പ്രതിഫലം വാങ്ങി എന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്‍റെ മുന്‍ പ്രോജക്റ്റുകള്‍ക്കായി 2.5 കോടി മുതല്‍ മൂന്നു കോടി രൂപ വരെ സായി പ്രതിഫലം വാങ്ങിയിരുന്നു. പിന്നാലെയാണ് രാമായണത്തിന് വേണ്ടി സായി തന്‍റെ പ്രതിഫലം ഇരട്ടിയാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.
ഏറ്റെടുക്കുന്നത് ചുരുക്കം ചില ചിത്രങ്ങളാണെങ്കിലും അഭിയനയിക്കുന്ന പടങ്ങള്‍ എല്ലാം വമ്ബന്‍ ഹിറ്റാണ്. അതുകൊണ്ടുതന്നെ പ്രതിഫലം വാങ്ങാന്‍ ഉള്ള അവകാശം അവര്‍ക്കുണ്ട്. നാളെ സിനിമ കുറഞ്ഞാലും ഡോക്ടര്‍ ആയി പ്രാക്ടീസ് ചെയ്യാം സായിക്ക്. അതുകൊണ്ടുതന്നെ കിട്ടുന്ന ചിത്രങ്ങള്‍ മതിയെന്നു സായ് നേരത്തേ തന്നെ തീരുമാനമെടുത്തിരുന്നു.