വിശ്വമേളക്ക് കൊടിയേറാൻ രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ കോട്ടകെട്ടിയ സുരക്ഷയൊരുക്കാനെത്തിയ ഖത്തറിന്റെ സേനാംഗങ്ങള്‍ക്ക് ഒളിമ്ബിക് നഗരിയില്‍ ഹൃദ്യമായ സ്വീകരണം.
ജൂലൈ 26 മുതല്‍ സെപ്റ്റംബർ എട്ടു വരെ നീളുന്ന ഒളിമ്ബിക്സിനായി ദോഹയില്‍നിന്നെത്തിയ സംഘത്തെ പാരിസില്‍ ഖത്തർ അംബാസഡർ ശൈഖ് അലി ബിൻ ജാസിം ആല്‍ഥാനിയുടെ നേതൃത്വത്തില്‍ ഉന്നത സംഘം സ്വീകരിച്ചു.
ഒളിമ്ബിക്സ് സുരക്ഷ ചുമതലയുള്ള ഖത്തർ സെക്യൂരിറ്റി ഫോഴ്സ് കമാൻഡർ ബ്രിഗേഡിയർ ജനറല്‍ നവാഫ് മാജിദ് അല്‍ അലി, ഫ്രഞ്ച് സുരക്ഷ ഉദ്യോഗസ്ഥരായ മേജർ ജനറല്‍ ഇമ്മാനുവല്‍ മെല്കർനിയ, മേജർ ജനറല്‍ ജീൻ വാല്റെ ലെറ്റർമാൻ ഉള്‍പ്പെടെ ഉന്നതർ പങ്കെടുത്തു. ഒളിമ്ബിക്സ്, പാരാലിമ്ബിക്സ് എന്നീ ലോകമേളയുടെ സുരക്ഷ സഹകരണത്തിനാണ് ഖത്തറിന്റെ സംഘം ആതിഥേയരെ പിന്തുണക്കുന്നത്.
ലോകകപ്പ് ഫുട്ബാളിന് പഴുതടച്ച സുരക്ഷ ഒരുക്കിയതിന്റെ അനുഭവം ഖത്തർ ഫ്രാൻസിന് പകർന്നു നല്‍കും. കഴിഞ്ഞ ദിവസം ദോഹയില്‍ നടന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആല്‍ഥാനിയുടെ നേതൃത്വത്തിലാണ് സംഘത്തെ യാത്രയാക്കിയത്.