കാത്തിരിപ്പുകളുടെ കോളംബിയൻ കീരിട സ്വപ്നങ്ങള്‍

ഷാർലറ്റ് ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിലെ സെമിഫൈനലില്‍ ഉറുഗ്വായിക്കെതിരെ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ടം വീര്യം കൊണ്ട് തങ്ങളുടെ സ്വപ്ന ഫൈനല്‍ സാക്ഷാത്കരിച്ച കൊളബിയൻ താരങ്ങളും ഗ്യാലറിയും ഒന്നടങ്കം വികാരാധീനാരായി കണ്ണീരോഴുക്കുന്ന കാഴ്ച്ച ഏതൊരു ഫുട്ബോള്‍ ആരാധകന്റെയും മനം ഉരുക്കുന്നതായിരുന്നു.

സ്വപ്നങ്ങളും പ്രതീക്ഷകളും പേറി കഴിഞ്ഞ കാലങ്ങളില്‍ കോപ്പയുടെ സെമിയില്‍ അടിതെറ്റി വീഴുന്ന കൊളംബിയ വർഷങ്ങള്‍ക്കു ശേഷം കോപ്പയുടെ സ്വപ്ന ഫൈനലിലേക്ക് ടിക്കറ്റ് എടുത്തിരിക്കുകയാണ്.

ക്യാപ്റ്റൻ ജെയിംസ് റോഡിഗ്രസിന്റെ കീഴില്‍ തുടർച്ചയായി 28 മത്സരങ്ങള്‍ അപരാജിതരായി മുന്നേറുകയാണ് കൊളംബിയ.കൊളംബിയക്ക് ഫൈനലില്‍ ലോക ചാമ്ബ്യന്മാരായ അർജന്റീനയാണ് എതിരാളികള്‍. ഫൈനല്‍ ഒരിക്കലും കോളമ്ബിയക്ക് അത്ര എളുപ്പമായിരിക്കില്ല.
എന്നാല്‍ നായകൻ ജെയിംസ് റോഡിഗ്രസും സംഘവും പൊരുതാൻ ഉറച്ചിറങ്ങുമ്ബോള്‍ മത്സരം തീപാറും. തന്റെ പതിമൂന്ന് വർഷത്തെ കരിയറില്‍ ആദ്യമായി ദേശീയ ടീമിനായി ഒരു ഫൈനലിന് ബൂട്ട് കെട്ടാൻ ഒരുങ്ങുന്ന റോഡിഗ്രസ് ഏതൊരു ഫുട്ബോള്‍ താരത്തെ പോലെയും തന്റെ രാജ്യത്തിനായി ഒരു ഇന്റർനാഷണല്‍ കിരീട നേട്ടമെന്ന സ്വപ്ന സാക്ഷാത്കാരത്തിനായാണ് ഇറങ്ങുന്നത്.

2001-ശേഷം 23 വർഷത്തെ കാത്തിരിപ്പിനോടുവില്‍ ഫൈനല്‍ പ്രവേശനം നേടിയ കൊളംബിയ കിരീടത്തില്‍ കുറവൊന്നും ആഗ്രഹിക്കുന്നില്ല. ലോക ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും സംഘവും, എതിരാളികളായി എത്തുമ്ബോള്‍ തന്നെ കളിയും കളവും അർജന്റീനക്ക് അനുകൂലമായി ലോകം വാഴ്ത്തി പാടും, അതിനെതിരെ നിന്ന് പൊരുതാൻ കച്ചകെട്ടിയിറങ്ങുന്ന കൊളംബിയക്ക് കൂട്ടാവുന്നത് തങ്ങള്‍ താണ്ടി വന്ന കനല്‍ വഴികള്‍ തന്നെയാണ്.

ഉറുഗ്വായുമായുള്ള സെമി വിജയ ശേഷം കണ്ണീരണിയുന്ന കോളമ്ബിയൻ നായകന്റെ മകള്‍ സലോമിയെ പോലെ എത്ര കുരുന്നുകള്‍,എത്ര യെത്ര യുവത്വങ്ങള്‍,ഇത്ര കാലം തങ്ങളുടെ വിജയത്തിനായി കാത്തിരുന്ന ഇന്നും തങ്ങളുടെ വിജയത്തെ ഹൃദയത്തോട് ചേർത്തു നിർത്താൻ ആഗ്രഹിക്കുന്ന ഒരു ജനതയ്ക്കായി തങ്ങളുടെ ഫുട്ബോള്‍ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാനാണ് അവർ ഫൈനലിനായി ഹാർട്ട് റോക്ക് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. അവർ ലോകത്തിന്റെ സ്തുതിപാടകരില്‍ നിന്ന് അകലെയാണ് എന്നാല്‍ ഫുട്ബോള്‍ ഹൃദയം കൊതിക്കുന്ന ഒരു ജനതയുടെ നാഡിയിടിപ്പുമായണ് അവർ കളത്തില്‍ ഇറങ്ങുന്നത് വിജയത്തില്‍ കുറവൊന്നും ആ ജനതയും കോളംബിയൻ ഫുട്ബോള്‍ ലോകവും ആഗ്രഹിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *