ഓടുന്ന ബസില്‍ സീറ്റില്‍ കുഴഞ്ഞുവീണ യാത്രക്കാരിക്ക് ജീവനക്കാരുടെ സന്ദർഭോചിത ഇടപെടല്‍ രക്ഷയായി. പൊയിലൂർ സ്വദേശിനി ഫാത്തിമയാണ് (30) കുഴഞ്ഞുവീണത്.
തലശ്ശേരി-വിളക്കോട്ടൂർ റൂട്ടിലോടുന്ന ആയില്യം ബസിലാണ് സംഭവം. രണ്ടു മക്കളുമൊത്ത് തലശ്ശേരി ബസ് സ്റ്റാൻഡില്‍നിന്നാണ് ഫാത്തിമയും മക്കളും കയറിയത്. ഡ്രൈവർ കാബിനടുത്ത പെട്ടിസീറ്റിലാണ് ഇരുന്നത്. ബസില്‍ കയറുമ്ബോള്‍ തന്നെ യുവതി ഏറെ ക്ഷീണിതയായിരുന്നു.
ബസ് നീങ്ങിത്തുടങ്ങിയതോടെ ഡാഷ് ബോർഡില്‍ തല ചായ്ച്ചു. ഇതിനിടെ, ടിക്കറ്റ് നല്‍കാനായി കണ്ടക്ടർ നിജില്‍ മനോഹരൻ അടുത്തെത്തി യുവതിയെ തൊട്ടുവിളിപ്പോള്‍ ബോധമറ്റ നിലയിലായിരുന്നു.
കൈകള്‍ എടുത്തുയർത്തിയതോടെ വശം ചരിഞ്ഞുവീണു. ഈ സമയം ബസ് മഞ്ഞോടി കവലയിലെത്തിയിരുന്നു. അപകടം മണത്ത കണ്ടക്ടർ വിവരം ഡ്രൈവറെ അറിയിച്ചു. ബസ് ഉടൻ തൊട്ടടുത്ത ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് വിടാൻ നിർദേശിച്ചു.
യുവതിയെ നിജില്‍ താങ്ങിയെടുത്ത് അത്യാഹിത വിഭാഗത്തിലേക്കോടി. തക്കസമയത്ത് വൈദ്യസഹായം കിട്ടിയതോടെ ഫാത്തിമക്ക് ബോധം തിരിച്ചുകിട്ടി. ആയില്യം ബസിലെ ഡ്രൈവർ കം കണ്ടക്ടറാണ് നിടുമ്ബ്രം സ്വദേശിയായ നിജില്‍ മനോഹരൻ. ഡ്രൈവർ യദുകൃഷ്ണൻ, ക്ലീനർ ഷിനോജ് എന്നിവരായിരുന്നു ഒപ്പമുണ്ടായത്.