മഴക്കാലം തുടങ്ങിയതോടെ ആരോഗ്യഭീഷണി; മാലിന്യക്കൂമ്ബാരം നീക്കി ജനകീയ കൂട്ടായ്മ

മടിക്കൈ പഞ്ചായത്ത് ആറാം വാർഡിലെ കോതോട്ടു-മോളവിനടുക്കം പ്രവർത്തിച്ചിരുന്ന സ്വകാര്യ പ്ലാസ്റ്റിക് റീസൈക്ലിങ് കമ്ബനിയില്‍ വർഷങ്ങളായി കെട്ടിക്കിടക്കുന്ന ടണ്‍കണക്കിന് അജൈവ മാലിന്യം നീക്കി ജനകീയ കൂട്ടായ്മ.

ദിവസങ്ങളുടെ പരിശ്രമത്തില്‍ സ്ഥാപനത്തിന്‍റെ ഷെഡിലേക്കാണ് മാറ്റിയത്.

പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന സ്ഥാപനം ജനകീയ കൂട്ടായ്മയുടെ നിരന്തര സമരങ്ങളുടെ ഫലമായി മാസങ്ങള്‍ക്കുമുമ്ബ് മടിക്കൈ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയും കൂട്ടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാൻ നിർദേശം നല്‍കുകയും ചെയ്തു. നിരവധി തവണ മാലിന്യം നീക്കംചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാത്ത സാഹചര്യത്തിലാണ് നാട്ടുകാരുടെ പരിശ്രമത്തില്‍ അരലക്ഷത്തോളം രൂപ ചെലവില്‍ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ച്‌ നീക്കംചെയ്തത്.

മഴക്കാലം തുടങ്ങിയതോടെ പ്രദേശവാസികള്‍ക്ക് വലിയ ഭീഷണിയാണ് കമ്ബനി സൃഷ്ടിച്ചത്. കാഞ്ഞങ്ങാട് സബ് കലക്ടർ ഉള്‍പ്പെടെയുള്ളവരെ സന്ദർശിച്ച്‌ ആശങ്കയറിയിച്ചിരുന്നു. പ്രദേശത്തുനിന്ന് മാലിന്യം പൂർണമായി നീക്കംചെയ്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ജനകീയകൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു. പി.പി. ജയേഷ്, നാരായണൻ കമ്ബികാനം, സതീഷ് പുതുച്ചേരി, ജയദേവൻ മോളവിനടുക്കം, എം.വി. നിധിൻ, രാജേന്ദ്രൻ, നിഷാന്ത്, രതീഷ് കോതോട്ട്, ചന്ദ്രൻ, സന്തോഷ്, അംബിക, ശാന്ത, ശ്യാമള, സരിത, അഭിൻ, ബിനീഷ്, യദു, വിപിൻ, മോഹനൻ മാനകോട്ട്, രാജീവൻ, ഗംഗൻ കുളങ്ങാട് എന്നിവർ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *