വയോധികയായ രോഗിയെയും മകളെയും വഴിയില്‍ ഇറക്കിവിട്ട സംഭവം ; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വയോധികയായ രോഗിയെയും മകളെയും വഴിയില്‍ ഇറക്കിവിട്ട സംഭവത്തില്‍ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കാല്‍മുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാനാവാത്ത വയോധികയെയും മകളെയും ഗതാഗതത്തിരക്കുണ്ടാവുമെന്നു പറഞ്ഞാണ് ഓട്ടോ ഡ്രൈവര്‍ വഴിയില്‍ ഇറക്കിവിട്ടത്.

ഇയാളില്‍ നിന്ന് 3000 രൂപ പിഴയും ഈടാക്കി.

പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിക്കുസമീപം സര്‍വിസ് നടത്തുന്ന കെഎല്‍ 53 എം 2497 നമ്ബര്‍ ഓട്ടോ ഡ്രൈവര്‍ പെരിന്തല്‍മണ്ണ കക്കൂത്ത് സ്വദേശി രമേശ് കുമാറിനെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി. അങ്ങാടിപ്പുറം ചെരക്കാപറമ്ബിലെ 78 കഴിഞ്ഞ വയോധികയെയും മകളെയുമാണ് ഇയാള്‍ ഓട്ടോയില്‍ നിന്ന് ഇറക്കിവിട്ടത്. ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനാണ് ഓട്ടോയില്‍ കയറിയത്.
അങ്ങാടിപ്പുറത്തേക്കാണ് പോവേണ്ടതെന്ന് അറിയിച്ചതോടെ കൂടുതല്‍ വാടക നല്‍കേണ്ടിവരുമെന്നും വലിയ തിരക്കാണെന്നും പറഞ്ഞു. സാധാരണ നിരക്കിനെക്കാള്‍ അല്‍പം കൂട്ടി നല്‍കാന്‍ സമ്മതമായിരുന്നു. എന്നാല്‍, പ്രധാന നിരത്തില്‍ ഗതാഗത കുരുക്കാണെന്ന് പറഞ്ഞ് വഴിയില്‍ ഇറക്കിവിടുകയായിരുന്നു.

കാരണമില്ലാതെ ദേഷ്യപ്പെട്ടതായും അസഭ്യം പറഞ്ഞതായും വയോധികയുടെ മകള്‍ രജനി പെരിന്തല്‍മണ്ണ സബ് ആര്‍ടിഒ ഓഫിസില്‍ ജോയന്റ് ആര്‍ടിഒക്ക് പരാതി നല്‍കി. മോട്ടോര്‍ വാഹന അസി. ഇന്‍സ്‌പെക്ടര്‍ മയില്‍രാജിന്റെ നേതൃത്വത്തില്‍ ഓട്ടോഡ്രൈവറെ കണ്ടെത്തി മൊഴിയെടുത്താണ് നടപടി സ്വീകരിച്ചത്. ലൈസന്‍സ് പുനഃസ്ഥാപിച്ചുകിട്ടാന്‍ എടപ്പാളിലെ ഡിടിആര്‍ സെന്ററില്‍ അഞ്ചു ദിവസത്തെ പരിശീലനത്തിന് ഹാജരായി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജോയിന്റ് ആര്‍ടിഒ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *