നഗരത്തിലെ വിവിധ വാർഡുകളില്‍ ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികള്‍ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ബോധവത്കരണവുമായി ആരോഗ്യവകുപ്പ്.
നഗരത്തിലെ കടകള്‍, സ്ഥാപനങ്ങള്‍, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. പീയുഷ് എം. നമ്ബൂതിരിപ്പാടിന്റെ നിർദേശപ്രകാരം ജില്ല വെക്ടർ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫിസർ ഡോ. കെ.കെ. ഷിനിയുടെയും ജില്ല മെഡിക്കല്‍ ഓഫിസ് മാസ് മീഡിയ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ബോധവത്കരണം നടത്തിയത്.
ഓട്ടോറിക്ഷകളിലും ബസുകളിലും അടക്കം പൊതുജനങ്ങള്‍ ഇടപെടുന്ന ഇടങ്ങളില്‍ ബോധവത്കരണ പോസ്റ്റർ പതിച്ചു. നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് പോസ്റ്ററുകള്‍ വിതരണം ചെയ്തു. കെ.എസ്.ആർ.ടി.സി ബസുകളില്‍ ഡെങ്കി/മലമ്ബനി വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന് ജനറല്‍ കണ്‍ട്രോളിങ് ഇൻസ്‌പെക്ടർ ഗിരീശൻ നേതൃത്വം നല്‍കി. ഡി.ടി.ഒ ഇൻചാർജ്, ഡിപ്പോ എൻജിനീയർ എന്നിവരുമായി ചർച്ച നടത്തി മാലിന്യവും വെള്ളക്കെട്ടും നീക്കം ചെയ്യാൻ തീരുമാനിച്ചു.