പെണ്‍സുഹൃത്തുമായി ഇൻസ്റ്റഗ്രാമില്‍ ചാറ്റ്; ബിയറടിക്കാൻ വിളിച്ചുവരുത്തി 15-കാരൻ 16-കാരനെ കുത്തിക്കൊന്നു

ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15-കാരൻ 16-കാരനായ സുഹൃത്തിനെക്കുത്തിക്കൊന്നു. പെണ്‍സുഹൃത്തുമായി ഇൻസ്റ്റഗ്രാമില്‍ ചാറ്റുചെയ്യുന്നുവെന്ന സംശയത്തെത്തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.

ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളില്‍നിന്ന് കണ്ടെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 40-ലാണ് സംഭവം നടന്നത്.

ഒരു വീടിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ സുരക്ഷാ ജീവനക്കാർ 16-കാരനെ കണ്ടെത്തുകയായിരുന്നു. ഇവർ നല്‍കിയ വിവരത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. മധ്യപ്രദേശിലെ ഛത്തർപുർ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. 15 വർഷം മുമ്ബാണ് കുടുംബം ഗുരുഗ്രമിലേക്ക് മാറിയത്.

കൊല്ലപ്പെട്ട 16-കാരനും പെണ്‍കുട്ടിയുമായി ഒന്നരവർഷമായി പരിചയമുണ്ട്. അടുത്തിടെയാണ് 15-കാരൻ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. കൊല്ലപ്പെട്ട യുവാവും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ടെന്ന് മനസിലാക്കിയ പ്രതിക്ക് ഇയാളോട് വൈരാഗ്യമുണ്ടായിരുന്നു. ബിയറുകഴിക്കാൻ വിളിച്ചുവരുത്തി, തലേദിവസം 150 രൂപയ്ക്ക് വാങ്ങി കരുതിവെച്ച കത്തി ഉപയോഗിച്ച്‌ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എ.സി.പി. വരുണ്‍ ദഹിയ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *