നാല് ജില്ലകളില്‍ മോഷണം; മൊബൈല്‍ ഉപയോഗിക്കാത്ത പ്രതിയെ തന്ത്രപരമായി പിടികൂടി പോലീസ്

 നാലുജില്ലകളിലായി വിവിധ മോഷണക്കേസുകളില്‍പ്പെട്ട് മുങ്ങിനടന്ന കാപ്പാ കരുതല്‍ തടങ്കല്‍പ്രതിയെ പോലീസ് തന്ത്രപരമായി അറസ്റ്റുചെയ്തു.

വെള്ളിയാമറ്റം ലത്തീൻ പള്ളി ഭാഗത്ത് കൊല്ലിയില്‍ അജേഷിനെ(38)യാണ് ബുധനാഴ്ച രാവിലെ പിടികൂടിയത്.

ഇടുക്കിയില്‍ കാഞ്ഞാർ, കുളമാവ്, തൊടുപുഴ, കോട്ടയം പള്ളിക്കത്തോട്, കുറവിലങ്ങാട്, പാലാ, പാലക്കാട് കല്ലടിക്കോട്, മീനാക്ഷിപുരം, കോഴിക്കോട് നടക്കാവ്, എറണാകുളം പുത്തൻകുരിശ് എന്നീ പോലീസ് സ്റ്റേഷനുകളിലായി പതിനെട്ടിലേറെ മോഷണക്കേസുകളിലെ പ്രതിയാണിയാള്‍.

കുറവിലങ്ങാട് തനിച്ചുതാമസിച്ചിരുന്ന വയോധികയുടെ വീട്ടില്‍ വെള്ളം ചോദിച്ചെത്തി അവരെ പിടിച്ചുകെട്ടി മോഷണം നടത്തി പിടിയിലായശേഷം ഇയാള്‍ ജാമ്യം നേടി പുറത്തിറങ്ങി. പിന്നീട് കരിപ്പലങ്ങാട് കട കുത്തിത്തുറന്ന് മോഷണം നടത്തി മുങ്ങി. അതിനിടെ 2023 നവംബറില്‍ ഇയാള്‍ക്കെതിരേ കളക്ടർ കാപ്പ ചുമത്തി. മോഷണശേഷം അന്യസംസ്ഥാനങ്ങളിലേക്ക് പോയി ഹോട്ടല്‍ ജോലി ചെയ്യുകയായിരുന്നു പതിവ്. ഇതുമനസ്സിലാക്കിയ പോലീസ് ഇയാളെ പിടികൂടുന്നതിനായി ഗോവ, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പിടിക്കാനായില്ല.

മൊബൈല്‍ ഉപയോഗിക്കില്ല

വഴിയില്‍ കാണുന്ന ആരുടെയെങ്കിലും ഫോണില്‍നിന്നായിരുന്നു ഇയാളുടെ വിളികള്‍. അതിനാല്‍ പോലീസ് എത്തുമ്ബോഴേക്കും ഇയാള്‍ കടന്നുകളയും. ഏതാനും മാസങ്ങള്‍ കൂടുമ്ബോള്‍ ഇയാള്‍ വീട്ടിലെത്തുമെന്ന് പോലീസിന് വിവരം ലഭിച്ചു. ഇയാള്‍ വെള്ളിയാമറ്റത്തെ വീട്ടിലെത്തുമെന്ന സൂചന ലഭിച്ചിരുന്നു. ഇവിടെ എത്തിയ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ തൊടുപുഴ ഡിവൈ.എസ്.പി. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡാണ് ഇയാളെ കുടുക്കിയത്. കാഞ്ഞാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രവീണ്‍ പ്രകാശ്, എസ്.ഐ. കെ.ടി. ഷിബു, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ ഷാജഹാൻ, ജോളി ജോർജ്, ശ്യാം, അജിനാസ്, വി.ജെ. അനസ്, സി.പി. ടോബി ജോണ്‍സണ്‍, അഖീഷ് തങ്കപ്പൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിയ്യൂർ സെൻട്രല്‍ ജയിലിലടച്ചു.

Leave a Reply

Your email address will not be published. Required fields are marked *