അത്യാഡംബര വിമാനം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഗള്‍ഫ് സ്ട്രീം എയ്റോസ്പെയ്സ് നിർമിച്ച ജി-600 വിമാനം മൂന്നുമാസംമുൻപാണ് യൂസഫലിയുടെ യാത്രകളുടെ ഭാഗമാകുന്നത്.
ഇതേ കമ്ബനിയുടെ നേരത്തേയുള്ള വിമാനം ഒഴിവാക്കിയാണ് അദ്ദേഹം പുതിയത് സ്വന്തമാക്കിയത്. ഏറ്റവും നൂതന സാങ്കേതികവിദ്യകളും സൗകര്യങ്ങളുമുള്ള പുതിയവിമാനത്തിന് വേഗതയാണ് പ്രധാനഘടകം.
ഈ അതിവേഗവിമാനത്തില്‍ ന്യൂയോർക്ക്-ദുബായ്, ലണ്ടൻ-ബെയ്ജിങ്, ലോസ് ആഞ്ജലിസ്-ഷാങ്ഹായ് തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ നോണ്‍ സ്റ്റോപ്പായി യാത്രനടത്താൻ കഴിയുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. മുൻതലമുറ വിമാനത്തെക്കാള്‍ 12 ശതമാനം മെച്ചപ്പെട്ട ഇന്ധനക്ഷമതയും ഇതിനുണ്ട്. ആവശ്യമനുസരിച്ച് ഇതിലെ സീറ്റുകള്‍ ക്രമീകരിക്കാം. ഒരേസമയം ആറുപേർക്കുവരെ കിടന്നുറങ്ങാനും ഇതില്‍ സൗകര്യമുണ്ട്. ലുലു ഗ്രൂപ്പ് വാങ്ങിയ പുതിയവിമാനത്തിന് ഏകദേശം 500 കോടി രൂപയോളമാണ് വില.
അബുദാബി-കൊച്ചി യാത്രയ്ക്ക് പഴയവിമാനത്തെയപേക്ഷിച്ച് 20 മിനിറ്റോളം സമയലാഭമുണ്ടെന്നാണ് കമ്ബനി പറയുന്നത്. ടി7-വൈ.എം.എ. എന്ന രജിസ്ട്രേഷനിലുള്ള വിമാനം 2023 ഡിസംബറിലാണ് ഗള്‍ഫ്സ്ട്രീം പുറത്തിറക്കിയത്. 6600 നോട്ടിക്കല്‍ മൈല്‍ വരെ ഈ വിമാനത്തിന് പറക്കാനാകും. പ്രാറ്റ് ആൻഡ് വിറ്റിനിയുടെ എൻജിൻ ഉപയോഗിക്കുന്ന ഈ വിമാനത്തിന് 925 കിലോമീറ്റർ വരെ വേഗമെടുക്കാനും സാധിക്കുമെന്നാണ് റിപ്പോർട്ട്.
ലോകത്തിലെ തന്നെ ഏറ്റവും വേഗമുള്ള ലോങ് റേഞ്ച് പ്രൈവറ്റ് ജെറ്റാണ് ജി 600 എന്നാണ് നിർമാതാക്കള്‍ അവകാശപ്പെടുന്നത്. ഇതിനോടകം 100 വിമാനങ്ങള്‍ വിറ്റിട്ടുള്ള ഈ കമ്ബനി 2019-ല്‍ ആണ് ആദ്യ വിമാനം ഉടമയ്ക്ക് കൈമാറുന്നത്. ജോർജിയയിലെ സാവന്നയില്‍ നിന്ന് ജനീവയിലേക്ക് 7.21 മണിക്കൂർ കൊണ്ട് പറന്നെത്തി റെക്കോഡും സൃഷ്ടിച്ചിട്ടുള്ള വിമാനമാണിത്. പ്രൈവറ്റ് ജെറ്റ് ഫ്ളൈറ്റുകളില്‍ ഏറ്റവും നിശബ്ദമായ ക്യാബിൻ ഈ വിമാനത്തിന്റേതാണെന്നാണ് നിർമാതാക്കളുടെ വാദം.
ഗള്‍ഫ് സ്ട്രീം ഡിസൈൻ സിഗ്നേച്ചറായ ഓവല്‍ ഷേപ്പിലുള്ള വിൻഡോകളാണ് ഇതിലുള്ളത്. 96.1 അടി നീളവും 25.3 അടി ഉയരവുമുള്ള ഈ വിമാനത്തിന്റെ വിങ്സ് ലെങ്ത് 94.2 അടിയാണ്. 51.2 അടിയാണ് അകത്തളത്തിന്റെ നീളം. 7.6 അടി വീതിയും 6.2 അടി ഉയരവുമാണ് ഇന്റീരിയറിലുള്ളത്. 51000 അടി വരെ ഉയരത്തില്‍ പറക്കാൻ സാധിക്കുന്ന ഈ വിമാനത്തിന് ടേക്ക് ഓഫിന് 5700 അടി നീളമുള്ള റണ്‍വേയും ലാൻഡിങ്ങിന് 3100 അടി റണ്‍വേയുമാണ് ആവശ്യം.