സ്പെയിൻ Vs ഇംഗ്ലണ്ട്
ബെർലിൻ: യൂറോ കപ്പ് ഏറ്റവുമധികം തവണ നേടിയ ടീമെന്ന റെക്കോഡ് ഒറ്റക്ക് സ്വന്തമാക്കാനൊരുങ്ങുന്ന സ്പെയിനിന് ഇംഗ്ലീഷ് വെല്ലുവിളി.
കന്നിക്കിരീടം തേടിയിറങ്ങുന്ന ഇംഗ്ലണ്ടാണ് മൂന്ന് പ്രാവശ്യം ചാമ്ബ്യന്മാരായ സ്പാനിഷ് ചെമ്ബടയെ ഫൈനലില്‍ നേരിടുന്നത്. മൂന്ന് തവണ വീതം ജേതാക്കളായവരാണ് സ്പെയിനും ജർമനിയും. ഇംഗ്ലണ്ടാവട്ടെ 2020ല്‍ ആദ്യമായി ഫൈനലിലെത്തിയെങ്കിലും ഇറ്റലിയോട് തോറ്റു. ബെർലിൻ ഒളിമ്ബ്യ സ്റ്റേഡിയത്തില്‍ ജൂലൈ 14ന് രാത്രിയാണ് കലാശപ്പോര്.
കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനലില്‍ നെതർലൻഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്പിച്ചാണ് ഇംഗ്ലീഷുകാർ തുടർച്ചയായ രണ്ടാം തവണയും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സമ്മിശ്ര പ്രകടനങ്ങളുമായി ഇക്കുറി അവസാന നാലിലേക്ക് കയറിയ ഹാരി കെയ്നിന്റെയും സംഘത്തിന്റെയും ഒത്തിണക്കത്തോടെയുള്ള നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു സെമിയിലെ ഒന്നാം പകുതി. ഏഴാം മിനിറ്റില്‍ത്തന്നെ ഗോള്‍ നേടി ഡച്ചുകാർ എതിരാളികളെ ഞെട്ടിച്ചെങ്കിലും ആ മികവ് ഓറഞ്ച് പടക്ക് ആവർത്തിക്കാനായില്ല.
ഇംഗ്ലീഷ് താരം ഡെക്ലാൻ റൈസില്‍നിന്ന് പന്തു തട്ടിയെടുത്ത് മുന്നേറിയ സാവി സിമോണ്‍സ് ബോക്സിനു തൊട്ടുമുന്നില്‍നിന്ന് തൊടുത്ത ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് ഗോള്‍ കീപ്പർ ജോർദാൻ പിക്ഫോർഡിനെയും കീഴ്പ്പെടുത്തി വലയിലാവുകയായിരുന്നു.
മുറിവേറ്റ ഇംഗ്ലീഷ് സംഘം ഉണർന്നുകളിച്ചതോടെ കഥ മാറി. 18ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ അവർ സമനില പിടിച്ചു. ബോക്സിനുള്ളില്‍ കെയ്നിന്റെ ഷോട്ടില്‍ നെതർലൻഡ്സ് താരം ഡെൻസല്‍ ഡംഫ്രീസ് ഫൗളിന് ശ്രമിച്ചതിനാണ് റഫറി ഇംഗ്ലണ്ടിന് അനുകൂലമായി വാർ പരിശോധനയില്‍ പെനാല്‍റ്റി വിധിച്ചത്. കെയ്ൻ കിക്കെടുത്തപ്പോള്‍ പന്തിന്റെ ദിശയിലേക്കുതന്നെ ഡച്ച് ഗോള്‍ കീപ്പർ ബാർട്ട് വെർബ്രഗ്ഗൻ ചാടിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയില്‍ പക്ഷേ പ്രതിരോധത്തിലൂന്നിയാണ് ഇരുടീമും കളിച്ചത്. മത്സരം അധികസമയത്തേക്ക് കടക്കുമെന്ന ഉറപ്പിച്ചിരിക്കെ പകരക്കാരൻ ഓലി വാക്കിൻസ് രക്ഷകനായി. മറ്റൊരു പകരക്കാരൻ പാള്‍മർ ബോക്സിനുള്ളിലേക്ക് നല്കിയ പന്ത് ഒരു കിടിലൻ ഷോട്ടിലൂടെ വാറ്റ്കിൻസ് വലയിലാക്കി.
അർജന്റീന Vs കൊളംബിയ
മയാമി: കോപ്പ അമേരിക്ക ഫുട്ബാളില്‍ ഏറ്റവുമധികം തവണ ജേതാക്കളായ ടീമെന്ന റെക്കോഡ് ഉറുഗ്വായിക്കൊപ്പം പങ്കിടുന്ന അർജന്റീനക്ക് അത് ഒറ്റക്ക് സ്വന്തം പേരിലാക്കാൻ സുവർണാവസരം. 15 തവണയാണ് ഇരു ടീമും കപ്പടിച്ചത്. 2001ല്‍ മാത്രം ചാമ്ബ്യന്മാരായ കൊളംബിയ തേടുന്നത് രണ്ടാമത്തെ കിരീടവും. ജൂലൈ 15ന് ഇന്ത്യൻ സമയം പുലർച്ച 5.30ന് അർജന്റീനയും കൊളംബിയയും നേർക്കുനേർ പോരിനിറങ്ങുമ്ബോള്‍ മത്സരം തീപാറുമെന്നുറപ്പ്. ഫൈനലിനായി ലയണല്‍ മെസ്സിയും സംഘവും മയാമിയില്‍ എത്തിക്കഴിഞ്ഞു. 16ാം കിരീടം ചൂടി, വിരമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയക്ക് ഊഷ്മള യാത്രയയപ്പ് നല്‍കാനാണ് നിലവിലെ ജേതാക്കളായ അർജന്റീനയുടെ പുറപ്പാട്. കഴിഞ്ഞ 62 മത്സരങ്ങളില്‍ 60ലും ജയിച്ചാണ് അവരെത്തുന്നത്. കോപയില്‍ തുടർച്ചയായ 11 മത്സരം നേടിക്കഴിഞ്ഞു. ഗ്രൂപ് ഘട്ടത്തില്‍ കാനഡയെ 2-0ത്തിനും ചിലിയെ 1-0ത്തിനും പെറുവിനെ 2-0ത്തിനും തോല്പിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയ മെസ്സിപ്പട എക്വഡോറിനോട് 1-1ന് സമനില പിടിച്ചശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ നൂല്‍പാലത്തിലാണ് സെമിയിലെത്തിയത്. എന്നാല്‍, സെമിയില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി അന്തിമ പോരിന് യോഗ്യരാവുകയും ചെയ്തു.
ലോകചാമ്ബ്യന്മാരെ എതിരിടാൻ കൊളംബിയ ഇറക്കുന്നത് കരുത്തൻ നിരയെയാണ്. 2001ന് മുമ്ബ് 1975ല്‍ മാത്രമാണ് ടീം ഫൈനലിലെത്തിയിരുന്നത്. ആദ്യ കിരീടം നേടി 23 വർഷത്തെ ഇടവേളക്കുശേഷം വീണ്ടും കിരീടപ്പോരിനിറങ്ങുമ്ബോള് വിജയത്തില്‍ കുറഞ്ഞതൊന്നും അവർ ലക്ഷ്യമിടുന്നില്ല. കരുത്തുറ്റ കളിക്കാരുണ്ടായിട്ടും കോപ്പയില്‍ അർജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വായിയുടെയുമെല്ലാം നിഴലിലൊതുങ്ങുന്ന കൊളംബിയ ആ പേരുദോഷം മാറ്റലും ലക്ഷ്യമിടുന്നു. 2022 ഫെബ്രുവരിയില്‍ അർജന്റീനയോട് തോറ്റശേഷം രണ്ടു വർഷത്തിലേറെയായി 28 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് കൊളംബിയ എത്തുന്നതെന്നത് അർജന്റീനക്ക് കാര്യങ്ങള്‍ കടുപ്പമാക്കും. ഇടവേളക്കുശേഷം ടീമില്‍ നായകന്റെ റോളില്‍ തിരിച്ചെത്തിയ ജെയിംസ് റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനം അവരുടെ മുന്നേറ്റത്തില്‍ നിർണായകമായിരുന്നു. ടൂർണമെന്റില്‍ ആറ് അസിസ്റ്റുമായി മെസ്സിയുടെ റെക്കോഡ് മറികടന്ന താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.