സെൻട്രല്‍ നേപ്പാള്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലിനെയും ഉരുള്‍പൊട്ടലിനെയും തുടർന്ന് ടൂറിസ്റ്റ് ബസുകള്‍ നദിയിലേക്ക് പതിച്ചുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാർ മരിച്ചു.
ബിർഗഞ്ചില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരാണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ സെൻട്രല്‍ നേപ്പാളിലെ മദാൻ-അശ്രിത് ദേശീയപാതയിലാണ് അപകടമുണ്ടായത്. രണ്ട് ബസുകളിലായി ഡ്രൈവർമാരടക്കം 65 യാത്രക്കാർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ചിത്വാൻ ജില്ലയിലെ നാരായണ്‍ഘട്ട്-മഗ്ലിങ് റോഡിനോട് ചേർന്നുള്ള സിമാല്‍തല്‍ പ്രദേശത്താണ് സംഭവം.
അപകടത്തില്‍പ്പെട്ട ബസില്‍ നിന്ന് മൂന്ന് യാത്രക്കാർ ചാടി രക്ഷപ്പെട്ടു. നേപ്പാള്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ ബസുകള്‍ ത്രിശൂലി നദിയിലാണ് പതിച്ചത്. ഇതേതുടർന്ന് നദിയിലും തിരച്ചില്‍ പുരോഗമിക്കുകയാണ്.
കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചല്‍ ബസും കാഠ്മണ്ഡുവില്‍ നിന്ന് റൗത്തഹട്ടിലെ ഗൗറിലേക്ക് വരികയായിരുന്ന ഗണപതി ഡീലക്സ് ബസുമാണ് അപകടത്തില്‍പ്പെട്ടത്. എയ്ഞ്ചല്‍ ബസില്‍ 24 യാത്രക്കാരും ഗണപതി ഡീലക്സ് ബസില്‍ 41 യാത്രക്കാരും ഉണ്ടായിരുന്നതായാണ് വിവരം. അപകടത്തില്‍പ്പെട്ട ഗണപതി ബസിലെ മൂന്നു യാത്രക്കാരാണ് ചാടി രക്ഷപ്പെട്ടത്.