എ.ഐ. സേവനങ്ങള്‍ നല്‍കുന്നതില്‍ കേരളം രാജ്യത്തെ പ്രധാന കേന്ദ്രമാകും- മുഖ്യമന്ത്രി

കേരളത്തെ എ.ഐ. ഹബ്ബാക്കാൻ ലക്ഷ്യമിടുന്ന രാജ്യാന്തര ജെനറേറ്റീവ് എ.ഐ. കോണ്‍ക്ലേവിന് കൊച്ചിയില്‍ തുടക്കമായി.

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോർപ്പറേഷൻ ഐ.ബി.എമ്മുമായി ചേർന്നാണ് ദ്വിദിന കോണ്‍ക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്.

ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം, ഐ.ടി., പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളില്‍ എ.ഐ.യെ സംയോജിപ്പിക്കുന്നത് സാമ്ബത്തിക വളർച്ച കൂട്ടുമെന്ന് കൊച്ചി ലുലു ഗ്രാൻഡ് ഹയാത്തില്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍ക്ക് മുൻഗണന നല്‍കുന്ന വ്യവസായ നയത്തിനാണ് സർക്കാർ തുടക്കമിട്ടിരിക്കുന്നത്. ജെൻ എ.ഐ. കോണ്‍ക്ലേവിന്റെ തുടർച്ചയായി റോബോട്ടിക്സിനെക്കുറിച്ചുള്ള ഒരു സമ്മേളനവും സംഘടിപ്പിക്കും. സമീപഭാവിയില്‍ എ.ഐ. അടിസ്ഥാനമാക്കി കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നു-മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ അധ്യാപകർക്കും എ.ഐ.യില്‍ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) പരിശീലനം നല്‍കുന്നു. ഈ നേട്ടം കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. ജനറേറ്റീവ് എ.ഐ. സർക്കാർ സേവനങ്ങളെ വേഗത്തിലാക്കി കാര്യക്ഷമത കൂട്ടും. സംസ്ഥാനത്തെ വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യജീവൻ രക്ഷിക്കാനും ജലസേചനം, കാലാവസ്ഥാ പ്രവചനം, കൃഷി, മത്സ്യബന്ധനം, പരിസ്ഥിതി സംരക്ഷണം, ഗതാഗത നിയന്ത്രണം എന്നിവയ്ക്ക് എ.ഐ. ഉപയോഗിക്കാം-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏഴാം ക്ലാസ് മുതല്‍ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് അവതരിപ്പിക്കുന്നുണ്ട്. ജനറേറ്റീവ് എ.ഐ.ക്കായി വലിയ ഭാഷാ മോഡലുകളില്‍ (എല്‍എല്‍എം) മലയാളം മെച്ചപ്പെടുത്തുന്നതിന് ശ്രമം വേണം-മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് എം.ഡി.യും ചെയർമാനുമായ എം.എ. യൂസഫലി മുഖ്യപ്രഭാഷണം നടത്തി. ഐ.ബി.എം. സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമല്‍, വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ എസ്. ഹരികിഷോർ, കെ.എസ്.ഐ.ഡി.സി. എക്സിക്യുട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, ഇലക്‌ട്രോണിക്സ് ഐ.ടി. സെക്രട്ടറി ഡോ. രത്തൻ യു. ഖേല്‍ക്കർ, കെ.എസ്.ഐ.ഡി.സി. ചെയർമാൻ പോള്‍ ആന്റണി, ഐ.ടി. മിഷൻ ഡയറക്ടർ അനു കുമാരി, കുസാറ്റ് വൈസ് ചാൻസലർ ഡോ. പി.ജി. ശങ്കരൻ, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥൻ, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ. അനൂപ് അംബിക തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *