‘കീര്‍ത്തി ചക്ര തൊടാന്‍ പോലും കഴിഞ്ഞില്ല; മരുമകള്‍ കൊണ്ടുപോയി’; ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ പിതാവ്

സിയാച്ചിനിലുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യ സ്മൃതി സിങിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍.

കീര്‍ത്തി ചക്ര മരുമകള്‍ കൊണ്ടുപോയെന്നും തൊടാന്‍ പോലും കഴിഞ്ഞില്ലെന്നും അന്‍ഷുമാന്‍ സിങ്ങിന്റെ പിതാവ് രവി പ്രതാപ് സിങ് പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടായിരുന്നു രവി പ്രതാപിന്റെ പ്രതികരണം.

”അന്‍ഷുമാന്റെ സമ്മതത്തോടെയാണ് ഞങ്ങള്‍ അവരുടെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം അവര്‍ എന്റെ മകളോടൊപ്പം നോയിഡയില്‍ താമസം തുടങ്ങി. 2023 ജൂലൈ 19ന്, അന്‍ഷുമാന്റെ മരണ വിവരം ലഭിച്ചപ്പോള്‍, ഞാന്‍ അവരെ ലഖ്‌നൗവിലേക്ക് വിളിച്ചു. ഞങ്ങള്‍ ഗോരഖ്പൂരിലേക്ക് പോയി. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സ്മൃതി ഗുരുദാസ്പൂരിലേക്ക് മടങ്ങി. അടുത്ത ദിവസം അമ്മയോടൊപ്പം സ്മൃതി നോയിഡയിലേക്ക് പോയി. അന്‍ഷുമാന്റെ ഫോട്ടോ ആല്‍ബവും വസ്ത്രങ്ങളും മറ്റും അവര്‍ കൊണ്ടുപോയി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂലൈ 5ന് രാഷ്ട്രപതി തന്റെ മകന് സമ്മാനിച്ച കീര്‍ത്തി ചക്ര പോലും കൈവശം വയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് രവി പ്രതാപ് സിംഗ് ആരോപിച്ചു. ‘അന്‍ഷുമാന് കീര്‍ത്തി ചക്ര സമ്മാനിച്ചപ്പോള്‍ അമ്മയും ഭാര്യയും ആദരം ഏറ്റുവാങ്ങാന്‍ പോയി. രാഷ്ട്രപതി എന്റെ മകന്റെ ത്യാഗത്തെ കീര്‍ത്തി ചക്ര നല്‍കി ആദരിച്ചു, പക്ഷേ എനിക്ക് ഒരിക്കല്‍ പോലും തൊടാന്‍ കഴിഞ്ഞില്ല,’ രവി ??പ്രതാപ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *