സ്കൂള്‍ മുത്തശ്ശി സ്ഥല സൗകര്യമില്ലാതെ വീർപ്പ്മുട്ടുന്നു. 1911ല്‍ പ്രവർത്തനം ആരംഭിച്ച മൂച്ചിക്കലുള്ള എടത്തനാട്ടുകര ഗവ.
എല്‍.പി സ്കൂള്‍ കെട്ടിടത്തില്‍ വിദ്യാർഥികള്‍ക്ക് ആവശ്യത്തിന് ക്ലാസ് മുറികളില്ല. ബലക്ഷയം ഉള്ളതിനാല്‍ നിലവിലെ കെട്ടിടത്തിന് മുകളില്‍ ക്ലാസ് മുറികള്‍ നിർമിക്കാനാകില്ല.
പുതിയ ക്ലാസ് മുറി നിർമിക്കാൻ ഭൂമിയുമില്ല. കെട്ടിടം ചോർന്നൊലിച്ചതിനെ തുടർന്ന് അലനല്ലൂർ ഗ്രാമപഞ്ചായത്ത് പത്ത് വർഷം മുമ്ബ് ഷീറ്റ് കൊണ്ട് മേല്ക്കൂരയുണ്ടാക്കി ചോർച്ച ഇല്ലാതാക്കിയിരുന്നു. നിലവിലെ കെട്ടിടം പൊളിച്ച് എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള ക്ലാസ് മുറികള്‍ നിർമിക്കാൻ തീരുമാനിച്ചാല്‍ താല്‍ക്കാലികമായി പഠിപ്പിക്കാൻ ഒന്നര കിലോമീറ്റർ അകലെയുള്ള കെട്ടിടങ്ങളില്‍ വാടകക്കോ, ബ്ലോക്ക് പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്സിലേക്കോ മാറ്റേണ്ട ഗതികേടുണ്ടാകും.
സ്കൂള്‍ ആരംഭിച്ച് 92 വർഷം വിവിധ സ്ഥലങ്ങളിലെ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. സർക്കാർ മുഖം തിരിച്ചതോടെ പി.ടി.എയുടെ നേതൃത്വത്തില്‍ നാട്ടില്‍ പണപ്പിരിവ് നടത്തി 20 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി വാങ്ങി. ഡി.പി.ഇ.പി ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ കെട്ടിടം നിർമിച്ച് 2003 മുതല്‍ പ്രവർത്തനം തുടങ്ങി. പിന്നീട് പി.ടി.എ കമ്മിറ്റി 2018ല്‍ കെട്ടിടത്തോട് ചേർന്ന് മൂന്ന് സെന്റ് സ്ഥലം വാങ്ങിയാണ് കാഞ്ഞിപ്പുര ഉണ്ടാക്കിയത്. സ്കൂളില്‍ മൈതാനമില്ലാത്തതും വെല്ലുവിളിയാണ്.