സര്‍വിസ് റോഡുകള്‍ അനിശ്ചിതമായി അടച്ചിട്ടു; വലഞ്ഞ് ജനങ്ങള്‍

 മുഴപ്പിലങ്ങാട് -മാഹി ബൈപാസിലേക്കുള്ള സർവിസ് റോഡുകള്‍ അടച്ചിട്ടതില്‍ വലഞ്ഞ് ജനങ്ങള്‍. നാല് മാസം മുമ്ബാണ് ബൈപാസ് റോഡ് തുറന്നത്.

എന്നാല്‍ ബൈപാസിലേക്കുള്ള സർവിസ് റോഡുകള്‍ പലയിടത്തും തകർന്നു. അറ്റകുറ്റപണികള്‍ക്കായാണ് സർവിസ് റോഡുകള്‍ അടച്ചിട്ടത്. ചോനാടം ഭാഗത്ത്‌ നിന്നും കൊളശ്ശേരിയിലേക്കുള്ള സർവിസ് റോഡില്‍ വൈദ്യുതി ട്രാൻസ്‌ഫോമർ റോഡിലേക്ക് തള്ളി നില്‍ക്കുകയാണ്. ഇടുങ്ങിയ റോഡായതിനാല്‍ വലിയ വാഹനങ്ങള്‍ ഇവിടെ കുടുങ്ങന്നത് പതിവാണ്. റോഡിന്റെ ഒരു വശത്ത് ഗർത്തം രൂപപ്പെട്ടതും യാത്ര ദുഷ്കരമാക്കി. വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് റോഡ് അനിശ്ചിതമായി അടച്ചിട്ടത്.

കൊളശ്ശേരിയില്‍ നിന്നും ബാലം ഭാഗത്തേക്ക്‌ പോകുന്ന സർവിസ് റോഡ് അടച്ചിട്ട് ഒരാഴ്ച പിന്നിട്ടു. 100 മീറ്ററോളം ടാറിങ് ചെയ്യാത്തതിനാല്‍ കുണ്ടും കുഴിയും രൂപപ്പെട്ട് വാഹനങ്ങളുടെ അടിവശം റോഡില്‍ തട്ടുന്ന നിലയിലാണുള്ളത്. അപകടങ്ങള്‍ പതിവായതോടെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ഇതേ തുടർന്ന്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ജില്ല ഭരണാധികാരികളും ബൈപാസ് അധികൃതരും കരാർ കമ്ബനി പ്രതിനിധികളും ഇവിടെ സന്ദർശിച്ചിരുന്നു. ഇല്ലത്ത്താഴെ ഭാഗത്ത്‌ നിന്നും പെരിങ്കളത്തേക്ക് പോകുന്ന സർവിസ് റോഡിന്റേതും സമാനസ്ഥിതിയാണ്. ഒരു മാസത്തോളമായി റോഡ് അടച്ചിട്ട്. ബേസ്മെന്റ് പോലുമില്ലാത്ത 100 മീറ്റർ ഭാഗത്ത്‌ വേനല്‍ക്കാലത്ത് പോലും യാത്ര ദുസ്സഹമായിരുന്നു. മഴക്കാലമായതോടെ വാഹനങ്ങള്‍ ചളിയില്‍ തെന്നി അപകടത്തില്‍പ്പെടുക പതിവായതിനെത്തുടർന്ന് അടച്ചിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *