കര്‍ഷകര്‍ക്ക് സഹായം നല്‍കണം; ബജറ്റ് നിര്‍ദ്ദേശങ്ങളുമായി സംഘപരിവാര്‍ സംഘടന

ജൂലൈ 23ന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റില്‍ വിലക്കയറ്റം പിടിച്ചുനിർത്താനും, കർഷകർക്ക് പരമാവധി സഹായം ഉറപ്പാക്കാനും ഉപകരിക്കുന്ന പദ്ധതികള്‍ വേണമെന്ന് സംഘപരിവാർ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച്.

വിവിധ മേഖലകളില്‍നിന്നുള്ളവരുമായി ബജറ്റിന് മുന്നോട്ടിയായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു സ്വദേശി ജാഗരണ്‍ മഞ്ച് ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചത്.

കർഷകർക്ക് എല്ലാ തരത്തിലുള്ള പരിഗണനയും നല്‍കണമെന്നാണ് സംഘടന ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യം. ചെറുകിട കർഷകർക്ക് സബ്‌സിഡികള്‍, വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനുള്ള തീരുമാനങ്ങള്‍, മേഖലയുടെ സമഗ്ര വളർച്ചയ്‌ക്ക് നികുതി ഇളവുകള്‍ ഇവയൊക്കെയാണ് സംഘടന മുന്നോട്ടുവെച്ച നിർദ്ദേശങ്ങള്‍. ഉപയോഗിക്കപ്പെടാതെ കിടക്കുന്ന കൃഷിയിടങ്ങള്‍ക്ക് നികുതി ഈടാക്കണമെന്ന് ആവശ്യപ്പെട്ട സംഘടന, ഇതുവഴി നിലം ഭാവിയില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി പിടിച്ചുവെയ്‌ക്കുന്നത് തടയാമെന്നും, ആ ഭൂമി വീട് വെക്കുന്നതുപോലെയുള്ള പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകുമെന്നും വ്യക്തമാക്കി.

വിലക്കയറ്റം തിരിച്ചടിയാണെന്നും സംഘടനാ പ്രതിനിധികള്‍ ധനമന്ത്രിയെ ഓർമ്മപ്പെടുത്തി. ആർഎസ്‌എസും സർക്കാരിനെ ഇക്കാര്യം നേരിട്ട് ഓർമിപ്പിച്ചിരുന്നു. വിലക്കയറ്റം തടയാൻ എല്ലാ നടപടികളും ബജറ്റില്‍ വേണമെന്ന് പറഞ്ഞ സംഘടന ഗ്രാമങ്ങളിലുള്ള വിലകയറ്റത്തെ അതീവ ഗൗരവത്തോടെ കാണണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *