സുരേഷ് ഗോപിക്കെതിരെ സലിംകുമാറിന്റെ പേരില്‍ വ്യാജ പ്രചരണം; അന്വേഷണം തുടങ്ങി

നടന്‍ സലിംകുമാറിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണത്തില്‍ അതിവേഗ നടപടിയുമായി കേരള പൊലീസ്.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വ്യാജ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചിരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നടനും തൃശൂരില്‍ നിന്നുള്ള എംപിയും കേന്ദ്ര സഹ മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ തന്റെ പേരില്‍ പ്രചരിച്ച പോസ്റ്ററുകള്‍ വ്യാജമാണെന്നും അങ്ങനെ താന്‍ പറഞ്ഞിട്ടില്ലെന്നും മുന്‍പ് സലിം കുമാര്‍ പ്രതികരിച്ചിരുന്നു.

‘രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിലാണെങ്കിലും വ്യക്തി പരമായി അങ്ങയുടെ വിജയത്തില്‍ സന്തോഷിക്കുന്നു അഭിനന്ദനങ്ങള്‍ സുരേഷേട്ടാ’, എന്നായിരുന്നു അന്ന് സലിം കുമാര്‍ കുറിച്ചത്. തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതിന് എതിരെ സലിംകുമാര്‍ പറഞ്ഞതെന്ന തരത്തിലായിരുന്നു ഈ പോസ്റ്റ് പ്രചരിച്ചത്.
‘എനിക്ക് സഹോദര തുല്യനായ സുരേഷ് ഗോപിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമത്തിലൂടെ പരക്കുന്നുണ്ട്. എനിക്ക് ഈ പോസ്റ്റുമായി യാതൊരു ബന്ധമില്ല. പല കാര്യങ്ങള്‍ക്കും എന്റെ ചിത്രങ്ങള്‍ ട്രോളന്മാര്‍ ഉപയോഗിക്കാറുണ്ട്. അതില്‍ വളരെ സന്തോഷവും ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ വ്യക്തിഹത്യ ചെയ്യുന്ന പോസ്റ്റുകളില്‍ എന്നെ ഉള്‍പ്പെടുത്തരുതെന്ന് താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു’, എന്നും സലിം കുമാര്‍ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *