ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഴം കുറഞ്ഞ ഭൂഗർഭ ജലത്തിന്റെ താപനില ശരാശരി 2.1 മുതല്‍ 3 .5 ഡിഗ്രി സെല്‍ഷ്യസ് വരെ വർദ്ധിക്കുമെന്ന് ആഗോള പഠനം.ഭയാനകമായ പ്രത്യാഘാതങ്ങളാണ് താപനില ഉയരുന്നതിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. ഇത് ഭാവിയില്‍ കുടിവെള്ളം ലഭ്യമാകാത്ത അവസ്ഥയിലേക്ക് മനുഷ്യരാശിയെ നയിക്കുമെന്നാണ് കണ്ടെത്തല്‍.ന്യൂകാസ്റ്റില്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഗബ്രിയേല്‍ റൗവും ചാള്‍സ് ഡാർവിൻ യൂണിവേഴ്സിറ്റിയിലെ ഡോ. ഡിലൻ ഇർവിനും ഉള്‍പ്പെടുന്ന ഒരു അന്താരാഷ്‌ട്ര ഗവേഷക സംഘത്തിന്റേതാണ് കണ്ടെത്തല്‍. ഇവർ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ ആഗോള ഭൂഗർഭ താപനില മോഡലില്‍ നിന്നാണ് ആശങ്കപ്പെടുത്തുന്ന പ്രവചനങ്ങള്‍ വരുന്നത്.മധ്യ റഷ്യ, വടക്കൻ ചൈന, വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍, ആമസോണ്‍ മഴക്കാടുകള്‍ എന്നിവിടങ്ങളിലെ താപനില ഗണ്യമായി ഉയരും. ഓസ്‌ട്രേലിയയിലും ഇതിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. താപനില ഉയരുന്നത് ഭൂഗർഭ ജലത്തെ ആശ്രയിച്ചുകഴിയുന്ന ആവാസവ്യവസ്ഥയുടെ വംശ നാശത്തിന് കാരണമാകും. കൂടാതെ ഇത് ജലത്തിന്റെ ഗുണനിലവാരം, ആവാസ വ്യവസ്ഥയുടെ നിലനില്‍പ്, മനുഷ്യരുടെ സുരക്ഷ മുതലായവയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.ഭൂഗർഭ ജലത്തിലെ താപനില ഉയരുന്നത് വെള്ളത്തില്‍ ഓക്സിജന്റെ ലഭ്യത കുറയാൻ കാരണമാകും. ഇത് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങാൻ കാരണമാകും. 2099 ആകുമ്ബോഴേക്കും 59 മുതല്‍ 588 ദശലക്ഷം ആളുകള്‍ അധിവസിക്കുന്ന മേഖലകളില്‍ ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി ഉയരും. ഇത് കുടിവെള്ള ലഭ്യതയെ ബാധിക്കും. ഒപ്പം പല രോഗകാരികളുടെ വർദ്ധനവിനും കാരണമാകും. ഭൂഗർഭ ജലത്തെ ആശ്രയിച്ചുള്ള ഊർജ്ജ ഉത്പാദനം, കൃഷി തുടങ്ങിയ മേഖലകളിലും താപനിലയിലെ മാറ്റം പ്രതിഫലിക്കും.