കോപ്പ അമേരിക്ക കലാശപ്പോരില്‍ ലോകചാമ്ബ്യന്മാരായ അർജന്റീനയെ എതിരിടാൻ കൊളംബിയയുടെ കരുത്തൻ നിര. സെമിഫൈനലിന്റെ ആദ്യ പകുതിയില്‍ തന്നെ ചുവപ്പ് കാർഡ് കണ്ട് ആളെണ്ണം കുറഞ്ഞിട്ടും ഉറുഗ്വായ് വെല്ലുവിളി ഒറ്റ ഗോളിന്റെ മാർജിനില്‍ മറികടന്നാണ് കൊളംബിയ ഫൈനലിലേക്ക് മാർച്ച് ചെയ്തതെങ്കില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് മുക്കിയാണ് അർജന്റീനയെത്തുന്നത്.ഫൈനലിനായി അർജന്റീന ടീം മയാമിയില്‍ എത്തിക്കഴിഞ്ഞു.കോപയില്‍ പതിനാറാം കിരീടം ചൂടി വിരമിക്കുന്ന എയ്ഞ്ചല്‍ ഡി മരിയക്ക് ഊഷ്മള യാത്രയയപ്പ് നല്‍കാനാണ് നിലവിലെ ജേതാക്കളായ മെസ്സിയുടെയും സംഘത്തിന്റെയും പുറപ്പാട്. അതോടൊപ്പം ഉറുഗ്വായിക്കൊപ്പം പങ്കിടുന്ന 15 കിരീട നേട്ടമെന്ന റെക്കോഡ് ഒറ്റക്ക് സ്വന്തമാക്കുകയും വേണം. കഴിഞ്ഞ 62 മത്സരങ്ങളില്‍ 60ലും ജയിച്ചാണ് അവരെത്തുന്നത്. കോപയില്‍ തുടർച്ചയായ 11 മത്സരം ജയിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ കാനഡയെ 2-0ത്തിനും ചിലിയെ 1-0ത്തിനും പെറുവിനെ 2-0ത്തിനും തോല്‍പിച്ച് ക്വാർട്ടറിലേക്ക് മുന്നേറിയ മെസ്സിയും സംഘവും എക്വഡോറിനോട് 1-1ന് സമനില പിടിച്ചശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ നൂല്‍പാലത്തിലാണ് സെമിയിലെത്തിയത്. എന്നാല്‍, സെമിയില്‍ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി അന്തിമ പോരിന് യോഗ്യരാവുകയും ചെയ്തു.അതേസമയം, 2001ല്‍ നേടിയ ഏക കിരീടമാണ് കൊളംബിയൻ ഷോകേസിലുള്ളത്. അതിന് മുമ്ബ് 1975ല്‍ മാത്രമാണ് ടീം ഫൈനലിലെത്തിയിരുന്നത്. ആദ്യ കിരീടം നേടി 23 വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും കിരീടപ്പോരിനിറങ്ങുമ്ബോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും അവർ ലക്ഷ്യമിടുന്നില്ല. കരുത്തുറ്റ കളിക്കാരുണ്ടായിട്ടും കോപ്പയില്‍ അർജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വായിയുടെയുമെല്ലാം നിഴലിലൊതുങ്ങുന്ന കൊളംബിയ ആ പേരുദോഷം മാറ്റലും ലക്ഷ്യമിടുന്നു. 2022 ഫെബ്രുവരിയില്‍ അർജന്റീനയോട് തോറ്റശേഷം രണ്ടു വർഷത്തിലേറെയായി 28 മത്സരങ്ങളില്‍ പരാജയമറിയാതെയാണ് കൊളംബിയ എത്തുന്നതെന്നത് അർജന്റീനക്ക് കാര്യങ്ങള്‍ കടുപ്പമാക്കും. ഇടവേളക്ക് ശേഷം ടീമില്‍ നായകന്റെ റോളില്‍ തിരിച്ചെത്തിയ ജെയിംസ് റോഡ്രിഗസിന്റെ തകർപ്പൻ പ്രകടനം അവരുടെ മുന്നേറ്റത്തില്‍ നിർണായകമായിരുന്നു. ടൂർണമെന്റില്‍ ആറ് അസിസ്റ്റുമായി ലയണല്‍ മെസ്സിയുടെ റെക്കോഡ് മറികടന്ന താരം ഒരു ഗോളും സ്വന്തമാക്കിയിട്ടുണ്ട്.ഗ്രൂപ് ഘട്ടത്തില്‍ പരഗ്വെയെ 2-1നും കോസ്റ്ററിക്കയെ 3-0ത്തിനും തോല്‍പിക്കുകയും ബ്രസീലിനെ 1-1ന് പിടിച്ചുകെട്ടുകയും ചെയ്ത കൊളംബിയ ക്വാർട്ടറില്‍ പാനമയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് മുക്കിയത്. സെമിയില്‍ ഉറുഗ്വായ് വെല്ലുവിളിയും അതിജീവിച്ചതോടെ അർജന്റീനയെ എങ്ങനെ എതിരിടുമെന്ന ആകാംക്ഷയിലാണ് ഫുട്ബാള്‍ പ്രേമികള്‍.