വേരുചീയല്‍ പടരുന്നു; കപ്പ കര്‍ഷകര്‍ ദുരിതത്തില്‍

കർഷകരെ ദുരിതത്തിലാക്കി മൂവാറ്റുപുഴ മേഖലയില്‍ കപ്പക്കൃഷിയില്‍ വേരുചീയല്‍ രോഗം വ്യാപകമാകുന്നു. ഇലകള്‍ മഞ്ഞളിച്ച്‌ ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുകയും ചെയ്യുന്നതാണ് വേരുചീയല്‍ രോഗം.കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളിലാണ് രോഗം ആദ്യം കണ്ടത്. പായിപ്ര മേഖലയില്‍ ഏക്കർകണക്കിന് സ്ഥലത്തെ കപ്പക്കാണ് ഈ ഫംഗസ് രോഗം പടന്നുപിടിച്ചിരിക്കുന്നത്. പത്തുമാസംകൊണ്ട് വിളവെടുക്കാവുന്ന കപ്പയാണ് മേഖലയില്‍ കൃഷി ചെയ്തിരിക്കുന്നത്.കപ്പ പറിച്ച്‌ വില്‍ക്കുമ്ബോള്‍ ചെലവും പാട്ടക്കൂലിയും കഴിച്ച്‌ നല്ലതുക ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ കൃഷി ഇറക്കിയ കർഷകർക്കാണ് ഒടുവില്‍ ദുരിതം ഫംഗസ് രൂപത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ വർഷം കപ്പക്ക് നല്ല വില ലഭിച്ചതോടെ നിരവധി പേരാണ് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ഇറക്കിയത്. ഫംഗസ് ബാധയുടെ കാരണം എന്തെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കോഴിവളമാണ് കപ്പക്കൃഷിക്ക് അധികപേരും ഉപയോഗിക്കുന്നത്. അതില്‍നിന്നാണോ അതോ മണ്ണില്‍ വളത്തിന്‍റെ അംശം കുറ‌ഞ്ഞതാണോ അന്തരീക്ഷത്തിലെ വിഷാംശം മൂലമാണോ രോഗം പടരുന്നതെന്ന് സംശയമുണ്ടെന്ന് കർഷകർ പറയുന്നു.പായിപ്ര മേഖലയില്‍ അടുത്തിടെ നിരവധി പ്ലൈവുഡ് കമ്ബനികളാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഇവയില്‍നിന്ന് പുറംതള്ളുന്ന വിഷാംശമാണോ പ്രശ്നകാരണമെന്നും വ്യക്തമല്ല. മേഖലയില്‍ മിക്ക കർഷകരും കൂലിക്ക് ആളെവെച്ചാണ് കൃഷി ഇറക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ ഈ വർഷവും വളം വിലയും വർധിച്ചു.കൂലിച്ചെലവിലും വൻ വർധന വന്നു. ഇതിനിടെയാണ് ഫംഗസ് പടർന്ന് കർഷകർക്ക് വിനയായത്. ജില്ലയുടെ കിഴക്കൻ മേഖലയില്‍ തരിശുകിടന്ന ഏക്കർകണക്കിന് സ്ഥലത്താണ് കപ്പക്കൃഷി ചെയ്തിരിക്കുന്നത്. അഭ്യന്തര വിപണയില്‍ ഭക്ഷ്യ വസ്തുവെന്ന നിലയില്‍തന്നെ കപ്പക്ക് പ്രിയമേറെയുള്ളതാണ് കൃഷി ചെയ്യാൻ കർഷകരെ പ്രേരിപ്പിച്ചത്. ഇതിപ്പോള്‍ വിനയായിരിക്കുകയാണ്. കൃഷിവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.വേരുചീയല്‍ രോഗംഇലകള്‍ മഞ്ഞളിച്ച്‌ ഉണങ്ങുകയും കിഴങ്ങും ചെടിയുടെ കടഭാഗവും ചീയുകയും ചെയ്യുന്നതാണ് വേരുചീയല്‍ രോഗം. വളർന്നുവരുന്ന കിഴങ്ങിന്‍റെ നിറംമാറി അഴുകുന്നതാണ് ആദ്യ രോഗലക്ഷണം. തുടർന്ന് ഇലകള്‍ വാടാൻ തുടങ്ങും. ക്രമേണ ഇലകള്‍ മുഴുവൻ വാടി തണ്ട് മറിയും. നടീല്‍വസ്‌തു, മണ്ണ്, വെള്ളം എന്നിവയിലൂടെയാണ് രോഗവ്യാപനം. ഫ്യൂസേറിയം എന്ന കുമിളാണ് വേരുചീയല്‍ രോഗത്തിന് കാരണമായ രോഗാണുക്കളിലൊന്ന് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.നിയന്ത്രണ മാർഗങ്ങള്‍തീവ്ര രോഗബാധയേറ്റ ചെടികള്‍ പിഴുതുമാറ്റിയുള്ള കൃഷിയിട ശുചീകരണം, കൃഷിയിടത്തില്‍ വെള്ളം കെട്ടിനില്‍ക്കാതെ നീർവാർച്ച ക്രമീകരണം, രോഗബാധയില്ലാത്ത കമ്ബ് മാത്രം നടാൻ ഉപയോഗിക്കുക, ചെടിയൊന്നിന് 20 ഗ്രാം വേപ്പിൻ പിണ്ണാക്ക് നല്‍കുക, ട്രൈക്കോഡെർമ ചേർത്ത ജൈവവളം ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രതിരോധ മാർഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *