യൂറോകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിലെ രണ്ടാമൻ ആരാണെന്നറിയാനുള്ള രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം.ഇന്ന് രാത്രി 12.30ന് നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ യൂറോപ്യൻ ഫുട്ബോളിന്റെ ഈറ്റില്ലമെന്ന് അറിയപ്പെടുന്ന ഇംഗ്ലണ്ടും നെതർലൻഡ്സും തമ്മിലാണ് കൊമ്ബുകോർക്കുന്നത്. ഗ്രൂപ്പ് സിയിലെ മൂന്ന് മത്സരത്തില്‍നിന്ന് അഞ്ച് പോയിന്റ് നേടിയായിരുന്നു ഇംഗ്ലണ്ട് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്.ക്വാർട്ടറില്‍ സ്ലോവാക്യക്കെതിരേ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഇംഗ്ലണ്ടിന് ക്വാർട്ടറില്‍ സ്വിറ്റ്സർലൻഡായിരുന്നു എതിരാളികള്‍. ക്വാർട്ടറില്‍ സ്വിറ്റ്സർലൻഡ് ഇംഗ്ലണ്ടിനെ നിശ്ചിത സമയത്ത് 1-1 എന്ന സ്കോറിന് സമനിലയില്‍ തളച്ചെങ്കിലും പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ഇംഗ്ലണ്ട് സെമിയുറപ്പിച്ചത്.ടൂർണമെന്റിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ട് ടീമിനും പരിശീലകൻ സൗത്ഗേറ്റിനും ടീം സെലക്ഷന്റെ പേരിലും ടീം ഇറക്കുന്നതിന്റെ പേരിലും ഒരുപാട് പഴികേട്ടിരുന്നു. അതിനെല്ലാമുള്ള ഉത്തരം ഇന്നത്തെ മത്സരത്തിലുണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം. 11ാം തവണയാണ് ഇംഗ്ലണ്ട് യൂറോകപ്പില്‍ കളിക്കുന്നത്. ആദ്യമായി 1968ലായിരുന്നു ഇംഗ്ലീഷ് സംഘം യൂറോകപ്പ് കിരീടം തേടി മൈതാനത്തെത്തിയത്. 2020 ല്‍ റണ്ണേഴ്സപ്പായതൊഴിച്ചാല്‍ പറയത്തക്ക നേട്ടമൊന്നും ഇംഗ്ലണ്ട് സ്വന്തമാക്കിയിട്ടില്ല. അന്ന് നടന്ന ഫൈനലില്‍ ഇറ്റലിക്കെതിരേ മുട്ടിയ ഇംഗ്ലണ്ടിന് ഇറ്റലിയുടെ പോരാട്ടവീര്യത്തിന് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. എന്നാല്‍ കഥമാറിയിട്ടുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ട ക്ലബുകളില്‍ കളിക്കുന്ന പ്രധാന താരങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് ഇന്നത്തെ ഇംഗ്ലീഷ് സംഘം. അതിനാല്‍ പൊരുതി ജയിക്കാൻ തന്നെയാകും സൗത്ഗേറ്റിന്റെ തീരുമാനം. എന്നാല്‍ മറുഭാഗത്ത് നില്‍ക്കുന്ന നെതർലൻഡ്സിനെ അഗവണിച്ച് തള്ളാനാകില്ല. ഗ്രൂപ്പ് ഡിയില്‍നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായിട്ടായിരുന്നു നെതർലൻഡ്സ് പ്രീ ക്വാർട്ടറിലേക്ക് ടിക്കറ്റെടുക്കുന്നത്.പ്രീ ക്വാർട്ടറില്‍ റൊമേനിയക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം സ്വന്തമാക്കിയ ഡച്ച് പട പിന്നീട് ക്വാർട്ടറില്‍ തുർക്കിയെയായിരുന്നു നേരിട്ടത്. ക്വാർട്ടറില്‍ തുർക്കി ഡച്ച് പടയെ വിറപ്പിച്ചെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്നായിരുന്നു നെതർലൻഡ്സ് സെമി ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്. തുർക്കിക്കെതിരേ 2-1 ന്റെ ജയമായിരുന്നു നെതർലൻഡ്സ് നേടിയത്.ചരിത്രത്തില്‍ 22 തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. അതില്‍ ഏഴു തവണ ജയിച്ചു കയറിയ നെതർലൻഡ്സിന് തന്നെയാണ് ജയത്തില്‍ മുൻഗണ. ആറു മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചപ്പോള്‍ ഒൻപത് മത്സരം സമനിലയില്‍ കലാശിക്കുകയും ചെയ്തു. എന്നാല്‍ നിലവിലെ അവസ്ഥയില്‍ ശക്തരായ ഇംഗ്ലണ്ടിനെ വീഴ്ത്താൻ കഠിന പ്രയത്നം തന്നെ വേണ്ടിവരും. അതിനാല്‍ ഇന്ന് സിഗ്നല്‍ ഇഡുന പാർക്കില്‍ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം.