എറണാകുളത്തെ കുണ്ടന്നൂരില്‍ സ്‌കൂള്‍ ബസിനു തീപിടിച്ചു. എന്നാല്‍, അപകടസമയത്ത് ബസില്‍ കുട്ടികള്‍ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി.വിദ്യാർത്ഥികളെ കയറ്റാൻ പോകുന്നതിനിടെ ബസിനു തീപിടിച്ചതായാണ് റിപ്പോർട്ട്. ഫയർഫോഴ്സ് സംഘം എത്തി തീയണക്കേണ്ടി വന്നു.തേവരയിലെ സേക്രഡ് ഹാർട്ട് സ്കൂളിൻ്റേതാണ് തീപിടിച്ച വാഹനം. യാത്രക്കിടയിലാണ് ബസിൻ്റെ മുൻവശത്ത് നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഫയർ എക്‌സ്‌റ്റിംഗുഷർ ഉപയോഗിച്ച് തീ അണക്കാനുള്ള പ്രാഥമിക ശ്രമങ്ങള്‍ വിഫലമായി. ഡ്രൈവർ വാഹനത്തില്‍ നിന്ന് പെട്ടെന്ന് ചാടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായാണ് വിവരം. അതേസമയം, അപകടസമയത്ത് റോഡരികിലുണ്ടായിരുന്ന ടാങ്കറില്‍ നിന്ന് വെള്ളം തളിച്ച് തീയണക്കാനുള്ള ഏതാനും തൊഴിലാളി യൂണിയൻ പ്രവർത്തകരുടെ ശ്രമവും ഫലം കണ്ടില്ല.ഫയർഫോഴ്‌സ് എത്താൻ ഏകദേശം 10 മിനിറ്റ് എടുത്തു, അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തിനശിച്ചു.