വട്ടംകുളം ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് ഉപതെരഞ്ഞെടുപ്പ് പോരാട്ടം തീപാറും. സി.പി.എം വിമത സ്ഥാനാർഥിയായി സി.ഐ.ടി.യു ചുമട്ടുത്തൊഴിലാളിയായ ഇ.എസ്.സുകുമാരൻ നാമനിർദേശം പത്രിക സമർപ്പിച്ചതിന് പിന്നാലെ സി.പി.എം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചന്തകുന്ന് ബ്രാഞ്ച് സെക്രട്ടറി ടി.എം. മിഹിലാണ് സ്ഥാനാർഥി. പത്തായപറമ്ബില്‍ മാധവനാണ് ബി.ജെ.പി സ്ഥാനാർഥി. കഴിഞ്ഞതവണ വാർഡിലെ സി.പി.എം പ്രവർത്തകരുടെ പിന്തുണ ഉണ്ടായിട്ടും തഴയപ്പെട്ട സുകുമാരൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.വാർഡ് മെംബറായിരുന്ന യു.പി. പുരുഷോത്തമന്റെ നിര്യാണത്തെ തുടർന്നാണ് ചുങ്കം വാർഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വട്ടംകുളം പഞ്ചായത്തിലെ സി.പി. എമ്മിന്‍റെ ഉറച്ച സീറ്റായ ചുങ്കം വാർഡില്‍ മുൻകാലങ്ങളില്‍ വൻഭൂരിപക്ഷത്തിലായിരുന്നു സ്ഥാനാർഥികള്‍ വിജയിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെറും 220 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കാനേ സാധിച്ചുള്ളൂ.കഴിഞ്ഞ തവണ വാർഡ് കമ്മിറ്റിയില്‍ സുകുമാരൻ മത്സരിക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. എന്നാല്‍ ഇതിന് വിരുദ്ധമായാണ് മേല്‍കമ്മിറ്റി യു.പി. പുരുഷോത്തമനെ മത്സരിപ്പിച്ചത്. 2020ല്‍ നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ 14ാം വാർഡില്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാർഥിയായിരുന്നു. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ചിത്രംമാറി. ചുങ്കം വാർഡ് ഉള്‍പ്പെടുന്ന 98ാം ബൂത്തില്‍ ബി.ജെ.പി ഒന്നാം സ്ഥാനത്തും 99ല്‍ യു.ഡി.എഫ് ഒന്നാംസ്ഥാനത്തും എത്തി.വർഷങ്ങളായി എടപ്പാളില്‍ സി.ഐ.ടി.യു ചുമട്ട് തൊഴിലാളിയായി പ്രവർത്തിക്കുന്ന ഇ. എസ്. സുകുമാരൻ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. യു.ഡി.എഫ് സുകുമാരന് രഹസ്യപിന്തുണ നല്‍കാനും സാധ്യതയുണ്ട്. 11ാം തീയതി മൂന്നുമണിക്കാണ് നാമനിർദേശ പത്രിക സമർപ്പിക്കണ്ട അവസാന ദിവസം. 12ന് സൂക്ഷ്മ പരിശോധന നടത്തും. 15നാണ് പത്രിക പിൻവലിക്കേണ്ട അവസാന തീയതി. 30ന് തെരഞ്ഞെടുപ്പും 31ന് വേട്ടെണ്ണലും നടത്തും.