തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡലില്‍ സംഘടിപ്പിച്ച പിറന്നാള്‍ ആഘോഷം പൊലീസിന്‍റെ സമയോചിത ഇടപെടലില്‍ പൊളിഞ്ഞു.
‘തീക്കാറ്റ്’ സാജന്‍ എന്ന ഗുണ്ടത്തലവന്റെ പിറന്നാളാഘോഷത്തിനാണ് 17 പ്രായപൂര്‍ത്തിയാകാത്തവരടക്കം 32 പേര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒത്തുകൂടിയത്.
ഞായറാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. പിറന്നാളിന് മുറിക്കാനായി കേക്കും തയാറാക്കിയിരുന്നു. സംഭവമറിഞ്ഞ ഈസ്റ്റ് പൊലീസ് നാലു വാഹനങ്ങളിലായി എത്തി പാര്‍ട്ടിക്കെത്തിയ സംഘത്തെ വളഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ചുറ്റുപാടും വളഞ്ഞ പൊലീസ് എല്ലാവരെയും പിടികൂടി.
തീക്കാറ്റ് സാജന്‍ സിനിമ സ്റ്റൈലില്‍ തേക്കിന്‍കാട് മൈതാനിയിലെത്താനുള്ള തയാറെടുപ്പിലായിരുന്നു. എന്നാല്‍, സംഘാംഗങ്ങളെ പിടികൂടിയതറിഞ്ഞതോടെ ഇയാള്‍ ഇവിടേക്ക് വരാതെ രക്ഷപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയച്ചു. അനധികൃതമായി സംഘം ചേര്‍ന്നതിന്റെ പേരില്‍ ശേഷിച്ച 15 പേരുടെ പേരില്‍ കേസെടുത്തു.
JDR 4: തൃശൂർ തേക്കിൻകാട് മൈതാനിയില്‍ പിറന്നാള്‍ ആഘോഷിക്കാൻ എത്തിയ ക്രിമിനല്‍ കേസ് പ്രതികളെ കസ്റ്റഡിയിലെടുക്കുന്ന പൊലീസ്