പുരി രഥയാത്ര: തിക്കിലും തിരക്കിലും പെട്ട് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്

ഒഡിഷയിലെ പുരി നഗരത്തിലെ പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്ര രഥയാത്രയില്‍ വൻ ജനക്കൂട്ടത്തെത്തുടർന്ന് ഒരാള്‍ ശ്വാസം മുട്ടി മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

300-ലധികം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കൃഷ്ണൻ, സഹോദരൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങള്‍ വഹിച്ച കൂറ്റൻ രഥങ്ങള്‍ 2.5 കിലോമീറ്റർ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് വലിച്ചുകൊണ്ടുപോകാൻ ആയിരക്കണക്കിന് ഭക്തരാണെത്തിയത്. 1971ന് ശേഷം ഇത്ര വലിയ ജനപങ്കാളിത്തമുണ്ടാകുന്നത് ഇപ്പോഴാണ്.

സുരക്ഷാ വലയത്തിന് പുറത്ത് വലിയ ജനത്തിരക്കുണ്ടായ സാഹചര്യത്തില്‍ ഒരാള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ബലംഗീർ ജില്ലയിലെ സൈന്തലയില്‍ നിന്നുള്ള ലളിത് ബഗർതിയാണ് മരിച്ചത്. സംഭവത്തില്‍ ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ്, ചീഫ് സെക്രട്ടറി മനോജ് അഹൂജ, ആരോഗ്യ സെക്രട്ടറി ശാലിനി പണ്ഡിറ്റ് എന്നിവർ ആശുപത്രിയിലെത്തി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില വിലയിരുത്തി.

ലക്ഷക്കണക്കിന് ആളുകള്‍ തടിച്ചുകൂടിയിട്ടുണ്ടെങ്കിലും നിർജ്ജലീകരണവും ശ്വാസംമുട്ടലും മൂലമാണ് മരണം സംഭവിച്ചതെന്ന് അധികൃതർ പറഞ്ഞു. ചൂടും ഈർപ്പവും തിരക്കുമാണ് ഇയാളുടെ മരണത്തിന് കാരണം. ഇത്തരം സാഹചര്യങ്ങള്‍ നേരിടാൻ വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പുരി പൊലീസ് സൂപ്രണ്ട് പിനാക് മിശ്ര അറിയിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഫയർ സർവീസും ലഭ്യമാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *