കേരളത്തിലെ ഏറ്റവും മൂല്യമേറിയ കമ്ബനിയായി കൊച്ചിൻ ഷിപ്‍യാര്‍ഡ്

ഓഹരി വിപണിയില്‍ ഒരു പടക്കപ്പലിന്റെ കരുത്തോടെ കുതിക്കുകയാണ് കൊച്ചിൻ ഷിപ്‍യാർഡ്. പുതിയ നേട്ടങ്ങളും കൈവരിച്ചാണ് ഈ ജൈത്രയാത്ര.

എക്കാലത്തെയും ഉയർന്ന വിലയിലെത്തിയ കൊച്ചിൻ ഷിപ്‍യാർഡ് ഓഹരി, കേരളം ആസ്ഥാനമായ കമ്ബനികളില്‍ ഏറ്റവും വിപണിമൂല്യമുള്ളത് എന്ന പദവിയും സ്വന്തമാക്കി. മുത്തൂറ്റ് ഫിനാൻസിനെയാണ് പിന്തള്ളിയത്.

വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്ബോള്‍ 74,592.61 കോടി രൂപയാണ് കമ്ബയുടെ വിപണി മൂല്യം. എൻ.എസ്.ഇയില്‍ ഓഹരി വില 2825.05 രൂപയും.

വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ 2924 രൂപ വരെ ഉയർന്ന ഓഹരി കമ്ബനിയുടെ വിപണിമൂല്യം 76,923 കോടി രൂപയില്‍ എത്തിച്ചിരുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 72,468.25 കോടി രൂപയാണ്. 65,842.81 കോടി രൂപയുമായി ഫാക്‌ട് മൂന്നാം സ്ഥാനത്തും 51,015.36 കോടി രൂപയുമായി കല്യാണ്‍ ജൂവലേഴ്സ് നാലാം സ്ഥാനത്തും 45,507.64 കോടി രൂപയുമായി ഫെഡറല്‍ ബാങ്ക് അഞ്ചാമതുമുണ്ട്. കഴിഞ്ഞയാഴ്ച ഫാക്‌ട് വിപണിമൂല്യത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. എന്നാല്‍, പിന്നീട് ഓഹരി വില ഇടിഞ്ഞതിനാല്‍ മൂന്നാം സ്ഥാനത്തേക്ക് മാറി.

വിദേശങ്ങളില്‍നിന്നുള്‍പ്പെടെ കപ്പല്‍ നിർമാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി ലഭിച്ച ഓർഡറുകളാണ് ഓഹരിയുടെ കുതിപ്പിന് പ്രധാന കാരണം. കഴിഞ്ഞയാഴ്ച ഉപ കമ്ബനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്‍യാർഡ് ലിമിറ്റഡിന് 1100 കോടി രൂപയുടെ ഓർഡർ ലഭിച്ചതും മുന്നേറ്റത്തിന് കാരണമായി.

ഈ വർഷം ജനുവരി ഒന്നിന് 681.42 രൂപയായിരുന്നു കമ്ബനിയുടെ ഓഹരി വില. അവിടെനിന്നാണ് ആറ് മാസംകൊണ്ട് റെക്കോഡ് കുതിപ്പ് നടത്തിയത്. ഒരു വർഷം മുമ്ബ്, അതായത്, കഴിഞ്ഞ വർഷം ജൂലൈ അഞ്ചിന് കമ്ബനിയുടെ ഓഹരി വില 281 രൂപയായിരുന്നു എന്നുമോർക്കണം. മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ കൊച്ചിൻ ഷിപ്‍യാർഡ് നിക്ഷേപകർക്കിടയില്‍ താരവുമായി.

രാജ്യത്തെ പ്രതിരോധ രംഗത്തെ ഉല്‍പാദനം കഴിഞ്ഞ സാമ്ബത്തിക വർഷം റെക്കോഡ് നിലവാരത്തിലെത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അറിയിച്ചതും കമ്ബനിയുടെ കുതിപ്പിന് വഴിയൊരുക്കി. 1,26,887 കോടി രൂപയുടെ ഉല്‍പാദനമാണ് കഴിഞ്ഞ വർഷമുണ്ടായത്. മുൻ വർഷത്തേക്കാള്‍ 16.8 ശതമാനമാണ് വളർച്ച.

അഞ്ച് വർഷത്തിനകം പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി 50,000 കോടി രൂപയിലെത്തിക്കുമെന്ന് കഴിഞ്ഞമാസം രാജ്നാഥ് സിങ് പറഞ്ഞതും കൊച്ചിൻ ഷിപ്‍യാർഡിന് പ്രതീക്ഷ നല്‍കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *