സംസ്ഥാനത്ത് റബർ ഉല്പാദനം കുറഞ്ഞത് ടയർ ഉല്പാദകരെ ആശങ്കയിലാക്കി. കാലവർഷം ആദ്യ മാസം പിന്നിടുമ്ബോള്‍ കേരളത്തില്‍ ടാപ്പിങ് ദിനങ്ങള്‍ വിരലില്‍ എണ്ണാവുന്ന അവസ്ഥയിലേക്ക് ചുരുങ്ങിയത് വ്യവസായികളെ പ്രതിസന്ധിയിലാക്കും.
നിരക്ക് ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ അവസാന തന്ത്രവും പാളിയതോടെ പല കമ്ബനികളും ഉല്പാദനം കുറച്ചു.
മികച്ചയിനം ഷീറ്റ് വില കിലോ 207 രൂപ വരെ ഉയർത്തിയിട്ടും കാർഷിക മേഖലയില്‍ നിന്ന് വരവ് നാമമാത്രം. ഫെബ്രുവരി മുതല്‍ പകല്‍ താപനില ഉയർന്നതിനൊപ്പം കർഷകർ ടാപ്പിങ്ങില്‍ നിന്ന് പിൻതിരിഞ്ഞതിനാല് ഉല്പാദന മേഖലകളില്‍ കരുതല്‍ ശേഖരം കുറഞ്ഞു. മേയ് രണ്ടാം പകുതിയിലെ വേനല്‍ മഴയില്‍ തോട്ടങ്ങളില്‍ മഴ മറ ഒരുക്കാൻ അവസരം നഷ്ടപ്പെട്ടത് ജൂണില്‍ ടാപ്പിങ്ങിനെ ബാധിച്ചു.
നേരത്തേ ഉറപ്പിച്ച വിദേശ കരാറുകള്‍ പ്രകാരമുള്ള ഇറക്കുമതി റബർ ജൂണില്‍ എത്താഞ്ഞത് സ്ഥിതി കൂടുതല്‍ വഷളാക്കി. ചെന്നൈ, മുംബൈ തുറമുഖങ്ങളില്‍ ബാങ്കോക്കില്‍ നിന്നും ജകാർത്തയില്‍ നിന്നുമുള്ള ഷീറ്റ് യഥാസമയം എത്തിയില്ല. പ്രതികൂല കാലാവസ്ഥ കാരണം മറ്റു രാജ്യങ്ങളിലും ടാപ്പിങ് സ്തംഭിച്ചതിനാല്‍ കിലോ 208 രൂപ വരെ ജൂണില്‍ ഉയർന്ന ബാങ്കോക്കില്‍ ഇപ്പോള്‍ വില 165 രൂപ. നിരക്ക് പൊടുന്നനെ ഇടിഞ്ഞതോടെ തിരക്കിട്ട് പുതിയ വ്യാപാരങ്ങള്‍ ഉറപ്പിച്ചതായാണ് വിവരം, ആഗസ്റ്റ് ഷിപ്മെന്റിനായി. ഇറക്കുമതി റബർ എത്തുന്നതോടെ പിരിമുറുക്കങ്ങള്‍ക്ക് അയവ് കണ്ടുതുടങ്ങും. ജൂണില്‍ പ്രതീക്ഷിച്ച കണ്ടയ്നറുകള്‍ വൈകാതെ തുറമുഖങ്ങളില്‍ എത്തുമെന്നാണ് വിവരം. ആഭ്യന്തര ചരക്ക് ക്ഷാമം തല്ക്കാലം തുടരുമെന്നതിനാല്‍ റബർ വില ഉയർന്നത് അവസരമാക്കി ടയർ വില വർധിപ്പിക്കാൻ അണിയറ നീക്കങ്ങള്‍ നടക്കുന്നു.
● തേയില കൊളുന്ത് നുള്ള് വീണ്ടും സജീവം. ഉയർന്ന താപനിലയില്‍ നേരത്തേ ഒട്ടുമിക്ക തോട്ടങ്ങളിലും കൊളുന്ത് കരിഞ്ഞ് ഉണങ്ങിയത് മൂലം ഉല്പാദകർ രംഗത്ത് നിന്ന് അകന്നത് ലേല കേന്ദ്രങ്ങളിലേക്കുള്ള ചരക്ക് വരവിനെ കഴിഞ്ഞ മാസങ്ങളില്‍ ബാധിച്ചിരുന്നു. അതേസമയം കൊളുന്ത് തുടങ്ങിയതോടെ വില ഉയരാഞ്ഞത് ഉല്പാദകരെ പ്രതിസന്ധിലാക്കി.
കഴിഞ്ഞ വർഷം ഇതേ സന്ദർഭത്തില്‍ കിലോ 20 രൂപ ലഭിച്ചിരുന്ന കൊളുന്തിന് വിലയിപ്പോള്‍ 14 രൂപ മാത്രമാണ്. ടീ ബോർഡാണ് കൊളുന്ത് വില നിശ്ചയിക്കുന്നത്. ഉല്പാദന ചെലവ് ഉയർന്നെങ്കിലും ഫാക്ടറികള്‍ വാങ്ങല്‍ നിരക്ക് ഉയർത്തുന്നില്ലെന്ന് ചെറുകിട കർഷകർ. ഒരു വർഷത്തിനിടയില്‍ കൊളുന്തിന് കിലോ ആറ് രൂപ ഇടിഞ്ഞു, കാർഷിക ചെലവുകളും വളം കീടനാശിനി ചെലവുകളിലെ വർധനയും ചെറുകിട ഉല്പാദകർക്ക് താങ്ങാനാവുന്നതിലും അധികമായി. ആഭ്യന്തര വിദേശ വിപണികളില്‍ നിന്നും തേയിലക്ക് ശക്തമായ ഡിമാൻഡുള്ള സന്ദർഭത്തില്‍ കർഷകർക്ക് ന്യായവില ഉറപ്പുവരുത്തേണ്ട ബാധ്യത ടീ ബോർഡിനുണ്ട്.
നടപ്പുവർഷം ആദ്യ മൂന്ന് മാസം രാജ്യത്തു നിന്ന് 64.63 ദശലക്ഷം കിലോ തേയില കയറ്റുമതി നടത്തി. പശ്ചിമേഷ്യയില്‍ നിന്നും യൂറോപ്യൻ രാജ്യങ്ങളില്‍ നിന്നും തേയിലക്ക് നല്ല ഡിമാൻഡുണ്ട്.
● നാളികേരോല്‍പന്നങ്ങളുടെ വിലയില്‍ വ്യതിയാനമില്ല. മാസാരംഭ വേളയെങ്കിലും വെളിച്ചെണ്ണയെ അപേക്ഷിച്ച് ഇറക്കുമതി പാചകയെണ്ണകളുടെ വില താഴ്ന്നത് വില്പന കുറച്ചു. പിന്നിട്ട രണ്ടാഴ്ചകളില്‍ മില്ലുകാർ വെളിച്ചെണ്ണ വില ഉയർത്തിയെങ്കിലും അതിന് അനുസൃതമായി കൂടിയ വിലക്ക കൊപ്ര ശേഖരിക്കാൻ അവർ തയാറായില്ല. വ്യവസായികളില്‍ നിന്ന് ആവശ്യം കുറഞ്ഞത് കൊപ്ര, പച്ചത്തേങ്ങ വിലകളെ ബാധിച്ചു. അയല്‍സംസ്ഥാനങ്ങളില്‍ ഇവയുടെ നിരക്ക് താഴ്ന്ന് നില്ക്കുന്നതും മുന്നേറ്റത്തിന് തടസ്സമായി. കൊച്ചിയിലും കോഴിക്കോടും കൊപ്ര 9900 രൂപയില്‍ നീങ്ങുമ്ബോള്‍ കാങ്കയത്ത് വില 9250 രൂപ മാത്രം.
● പ്രമുഖ ഏലക്ക ലേല കേന്ദ്രങ്ങളില്‍ ചരക്ക് വരവ് ചുരുങ്ങിയിട്ടും ഉല്പന്ന വില ഉയർന്നില്ല. കർഷകരുടെ പക്കല്‍ കരുതല്‍ ശേഖരം കുറഞ്ഞതിനിടയില്‍ മധ്യവർത്തികള്‍ സ്റ്റോക്ക് ഇറക്കുന്നുണ്ട്. വാരാവസാനം ഇടത്തരം ഏലക്ക കിലോ 2300 രൂപയിലും മികച്ചയിനങ്ങള്‍ 2700 രൂപ നിലവാരത്തിലുമാണ്.
വിവിധ കറിമസാല വ്യവസായികളുടെ ഉല്പന്നങ്ങളില് മായം കലർത്തുന്നത് കണ്ടെത്തിയ സാഹചര്യത്തില്‍ അവർ സുഗന്ധവ്യഞ്ജന വിപണികളില്‍ നിന്നും അല്പം പിൻതിരിയാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം നാലായിരം സാമ്ബിളുകള്‍ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധനക്ക് ശേഖരിച്ചു. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതോടെ ഉല്പന്ന വിലകളില്‍ ചാഞ്ചാട്ട സാധ്യതയുണ്ട്.
● ആഭരണ കേന്ദ്രങ്ങളില്‍ സ്വർണ വില പവന് 1120 രൂപ വർധിച്ചു. പവൻ 53,000 രൂപയില്‍ നിന്ന് ശനിയാഴ്ച 54,120ലേക്ക് കയറി, ഒരു ഗ്രാമിന് വില 6765 രൂപ. ന്യൂയോർക്കില്‍ ട്രോയ് ഔണ്‍സിന് 2323 ഡോളറില്‍ നിന്ന് 2388 ഡോളറായി.