കാരറ്റില്‍ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം തട്ടി നശിക്കുന്നതില്‍ നിന്ന് കണ്ണിലെ കോശങ്ങളെ തടയുന്നു.
നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും ഇവ സഹായിക്കുന്നു.
ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കില്‍ ഭക്ഷണക്രമത്തില്‍ തീർച്ചയായും കാരറ്റ് ഉള്‍പ്പെടുത്തണം. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വെള്ളത്തില്‍ ലയിക്കുന്നതും അല്ലാത്തതുമായ നാരംശം ഒരുപോലെ കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന ഫൈബർ, ദഹനത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കും. ലയിക്കാത്ത ഫൈബർ ശോധന എളുപ്പമാക്കും.
നാരംശം കൂടുതലുള്ളതിനാല്‍ തന്നെ കാരറ്റ് ദഹനത്തിന് ഏറ്റവും നല്ലതാണ്. ശോധനകൂടി മെച്ചപ്പെടുന്നതോടെ ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താൻ സാധിക്കും.
ശരീരത്തില്‍ അനാരോഗ്യകരമായ രീതിയില്‍ കൊളസ്ട്രോള്‍ നില ഉയരുന്നത് തടയാൻ സഹായിക്കുന്ന വിധത്തിലുള്ള കാല്‍സ്യം കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതമുള്‍പ്പെടെയുള്ള രോഗങ്ങള്‍ കുറക്കാൻ സഹായിക്കുന്നു.
ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതില്‍ സിലിക്കണും കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ സഹായിക്കും.
കാരറ്റിന് നിറം നല്കുന്ന ബീറ്റ കരോട്ടിനില്‍ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ചർമത്തിന് പ്രായമാകുന്നത് തടയുക, മുഖക്കുരു ഉണ്ടാകുന്നത് തടയുക, പുതിയ സെല്ലുകള്‍ ഉണ്ടാകാൻ സഹായിക്കുക തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ പ്രവർത്തനമാണ്.
വിറ്റാമിൻ ബി6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു.
കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സാഹയിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും.