പോലീസ് ചോദിച്ചു, ‘അവസാനആഗ്രഹം?; ‘ഇരുട്ടിലെ മരണദൂതൻ’ പറഞ്ഞു ‘ഒരു ഗ്ലാസ് ചായ’; ശേഷം തൂക്കുമരത്തിലേക്ക്

സംസ്ഥാനത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയിട്ട് ജൂലായ് ആറിന് 33 വർഷം പൂർത്തിയാകുന്നു. 1991-ല്‍ നീലേശ്വരം കരിന്തളം സ്വദേശി റിപ്പർ ചന്ദ്രൻ എന്ന മുതുകുറ്റി ചന്ദ്രനെയാണ് കണ്ണൂർ സെൻട്രല്‍ ജയിലില്‍ തൂക്കിലേറ്റിയത്.

ആരാച്ചാരുടെ തസ്തികയില്ലാത്തതിനാല്‍ തൂക്കിലേറ്റിയത് അന്നത്തെ ജയില്‍ സൂപ്രണ്ട് എൻ.ബി.കരുണാകരനാണ്. പിന്നീട് സംസ്ഥാനത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.

കോടതി വധശിക്ഷ വിധിച്ച 39 പേർ സംസ്ഥാനത്തെ സെൻട്രല്‍ ജയിലുകളിലുണ്ട്. വിധി വന്നതിനുശേഷം വർഷങ്ങളായി ജയിലിലുള്ള ഇവർ പലരും ശിക്ഷായിളവിനായി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പൂജപ്പുര സെൻട്രല്‍ ജയിലിലാണ് ഏറ്റവും കൂടുതല്‍ പേർ വധശിക്ഷ കാത്തുകഴിയുന്നത്-25. കണ്ണൂർ സെൻട്രല്‍ ജയിലില്‍ നാലുപേരും വിയ്യൂരില്‍ ആറു പേരും വിയ്യൂർ അതിസുക്ഷാ ജയിലില്‍ മൂന്നു പേരും തിരുവനന്തപുരം വനിതാജയിലില്‍ ഒരാളുമുണ്ട്.

ഇരുട്ടില്‍ ആയുധവുമായി എത്തിയ മരണദൂതൻ

: ഇരുട്ടിൻറെ മറവില്‍ ആയുധം കൈയിലേന്തി വരുന്ന മരണദൂതൻ എന്നാണ് റിപ്പർ ചന്ദ്രന് സമൂഹം കൊടുത്ത നിർവചനം. നിരപരാധികളായ 14 പേരെ കൊലപ്പെടുത്തി. ആക്രമണത്തിരയായ ചിലർ തളർന്നും ബോധരഹിതരായും മരണംവരെ കിടന്നു.

1985-86 കാലഘട്ടത്തിലാണ് വടക്കൻ കേരളത്തെ റിപ്പർ വിറപ്പിച്ചത്. സന്ധ്യ മയങ്ങിയാല്‍ റിപ്പറെ ഭയന്ന് ആളുകള്‍ പുറത്തിറങ്ങാതെയായി. റോഡുകള്‍ വിജനമായി. കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളില്‍ ഇയാള്‍ പ്രത്യക്ഷപ്പെട്ടു. നരാധമനെ തേടി പോലീസ് നെട്ടോമോടി. 14 കൊലപാതകങ്ങളില്‍ ദമ്ബതിമാരെ വധിച്ച കേസില്‍ മാത്രമാണ് വധശിക്ഷ ലഭിച്ചത്. മറ്റുള്ളവയില്‍ ജീവപര്യന്തം.

അവസാനനിമിഷങ്ങള്‍ സൂപ്രണ്ട് എൻ.ബി.കരുണാകരൻ ഓർക്കുന്നു

: ശിക്ഷ നടപ്പാക്കും മുൻപ് അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒന്നുമില്ലെന്ന് ചന്ദ്രൻ പറഞ്ഞതായി കരുണാകരൻ ഓർക്കുന്നു. വിധി നടപ്പാക്കാൻ പോകുകയാണെന്ന് അറിയിച്ചപ്പോള്‍ ചായ ആവശ്യപ്പെട്ടു. അതില്‍ കുറച്ച്‌ കുടിച്ചു. തുടർന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരെ തൂക്കുമരത്തിലേക്ക് ശാന്തനായി നടന്നു.

കൈകള്‍ പിറകിലേക്ക് കെട്ടി മുഖംമൂടി ധരിപ്പിച്ചു. തൂക്കിലേറ്റാൻ ഒരു മിനിട്ട് മാത്രം ബാക്കിനില്‍ക്കേ റിപ്പർ ചന്ദ്രൻറെ ഹൃദയമിടിപ്പ് അരികിലുള്ളവർക്ക് കേള്‍ക്കാമായിരുന്നു. അടുത്തുനിന്ന ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂടിക്കൊണ്ടിരുന്നു. ആരും പരസ്പരം നോക്കുക പോലും ചെയ്തില്ല. കോടതിവിധി നടപ്പാക്കാൻ പോകുകയാണെന്ന് സൂപ്രണ്ട് പറഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ചന്ദ്രൻ പറഞ്ഞു ‘ഞാൻ തയ്യാറാണ് സാർ’…. ഇതായിരുന്നു അവസാന വാക്കുകള്‍.

ചന്ദ്രൻറെ മൃതദേഹം ഏറ്റുവാങ്ങാൻ പോലും ആരും വന്നില്ല. നാട്ടില്‍ കൊണ്ടുപോയാല്‍ എതിർപ്പുകള്‍ ഉണ്ടാകുമെന്ന ഭയം സഹോദരൻ അറിയിച്ചു. മരിച്ച ചന്ദ്രനെയും ജനങ്ങള്‍ക്ക് ഭയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *