ലോകമെമ്ബാടുമുള്ള വിമാനക്കമ്ബനികള്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇന്ത്യയിലേക്ക് ഫ്ലൈറ്റുകള്‍ ആരംഭിക്കാനുള്ള ശ്രമത്തിലാണ് വിസ് എയര്‍.
കിഴക്കന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് വിപുലീകരിക്കാന്‍ വിസ് എയര്‍ കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. എയര്‍ബസ് എസ് ഇ ജെറ്റുകള്‍ ഇതിന്നായി വിന്യസിക്കും.
സേവനങ്ങള്‍ ആരംഭിക്കുന്നതിന് ഇന്ത്യന്‍ അധികാരികളുമായുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് ബുഡാപെസ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംഗേറിയന്‍ ലോ-കോസ്റ്റ് കാരിയറായ വിസ് എയര്‍. അബൂദബിയില്‍ നിന്ന് വിവിധ ഡെസ്റ്റിനേഷനുകളിലേക്ക് സര്‍വീസ് നടത്തുന്ന വിസ് എയര്‍ ഇന്ത്യന്‍ സെക്ടറില്‍ സര്‍വീസ് ആരംഭിക്കുന്നത് ഗള്‍ഫ് യാത്രക്കാര്‍ക്കും ഗുണകരമായേക്കും.
ചുരുങ്ങിയ ചിലവില്‍ കണക്ഷന് ഫ്ലൈറ്റുകള്‍ വാഗ്ദാനം ചെയ്യാന്‍ എയര്‍ലൈന്‍ സാധിച്ചേക്കും.
എന്നാല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിന് അനുമതി നല്‍കുമോ എന്ന കാര്യം സംശയത്തിലാണ്. ഇന്ത്യന്‍ സെക്ടറിലെ സര്‍വീസിന്റെ ഭാവി പ്രവചിക്കാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണ് വിസ് എയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോസെഫ് വരാദി റോമില്‍ ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞത്.