ഫ്രഞ്ച് സ്ട്രൈക്കറും ടീമിന്റെ ക്യാപ്റ്റനുമായ കിലയൻ എംബാപ്പ പോർച്ചുഗലിനെതിരായ എക്സ്ട്രാ ടൈമിനിടെ തന്നെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന് പരിശീലകൻ ദിദിയർ ദെഷാംപ്സ്.
ക്ഷീണിതനായതിനാലാണ് എംബാപ്പ ഇത്തരത്തില്‍ മത്സരത്തില്‍ നിന്നും തന്നെ പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്നും ദെഷാംപ്സ് വെളിപ്പെടുത്തി.
യുറോയില്‍ ഫ്രാൻസിന് വേണ്ടി അത്ര നല്ല പ്രകടനമല്ല എംബാപ്പ കാഴ്ചവെക്കുന്നത്. പോളണ്ടിനെതിരെ പെനാല്‍റ്റി നേടിയതൊഴിച്ചാല്‍ കാര്യമായി ഗോളുകള്‍ നേടാനോ അവസരങ്ങളുണ്ടാക്കാനോ എംബാപ്പക്ക് കഴിഞ്ഞിരുന്നില്ല. ആദ്യകളിയില്‍ മൂക്കിന് പരിക്കേറ്റത് താരത്തിന്റെ കളിയേയും ബാധിച്ചിരുന്നു.
വെള്ളിയാഴ്ച പോർച്ചുഗലിനെതിരായ മത്സരത്തില്‍ മാസ്കുമായി ഇറങ്ങിയ എംബാപ്പ കളംനിറഞ്ഞ് കളിച്ചിരുന്നു. എന്നാല്‍, ഷൂട്ടൗട്ടില്‍ ഫ്രാൻസിനായി കിക്കെടുക്കാൻ എംബാപ്പയുണ്ടായിരുന്നില്ല. ഇക്കാര്യത്തിലാണ് ഇപ്പോള്‍ ഫ്രഞ്ച് കോച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
എംബാപ്പ എപ്പോഴും തന്നോടും ടീമിനോടും സത്യസന്ധനാണെന്ന് ദെഷാംസ് പറഞ്ഞു. ക്ഷീണം തോന്നുമ്ബോഴും ഫോം കണ്ടെത്താൻ വിഷമിക്കുമ്ബോഴുമെല്ലാം ഈ സത്യസന്ധത എംബാപ്പ പുലർത്താറുണ്ട്. എക്സ്ട്രാ ടൈമിന്റെ ആദ്യ സമയത്ത് ക്ഷീണം തോന്നിയപ്പോള്‍ അക്കാര്യം എംബാപ്പ പറയുകയും കളിയില്‍ നിന്നും പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, എംബാപ്പക്ക് വേണ്ടി സഹടീമംഗങ്ങള്‍ മനോഹരമായി തന്നെ മത്സരം പൂർത്തിയാക്കിയെന്ന് ദെഷാംസ് കൂട്ടിച്ചേർത്തു.