ഇംഗ്ലണ്ട്-സ്വിസ്, നെതര്‍ലന്‍ഡ്സ്-തുര്‍ക്കി ക്വാര്‍ട്ടര്‍ ഇന്ന്

 യൂറോ 2024 ഫുട്ബോള്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്നത്തെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് സ്വിറ്റ്സര്‍ലന്‍ഡിനെയും നെതര്‍ലന്‍ഡ്് തുര്‍ക്കിയെയും നേരിടും.

അധിക സമയത്തേക്ക് നീണ്ട പ്രീ ക്വാര്‍ട്ടറില്‍ സ്ലൊവാക്യയെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. 90-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം പരിക്ക് സമയത്തും അധികസമയത്തും നേടിയ ഗോളുകളാണ് ഇംഗ്ലണ്ടിന് തുണയായത്. ഹാരി കെയ്ന്‍, ജൂഡ് ബെല്ലങ്ഹാം, ബുകായോ സാക്ക എന്നിവരിലാണ് ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. മറുവശത്ത് മുന്‍ ലോക ചാമ്ബ്യന്മാരായ ഇറ്റലിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ വരവ്. മികച്ച പ്രതിരോധമാണ് അവരുടെ കരുത്ത്. ഷെര്‍ദാന്‍ ഷാക്കിരി, റൂബന്‍ വര്‍ഗസ്, ഡാന്‍ നോമയ, റെമോ ഫ്രൂലര്‍ എന്നിവരാണ് സ്വിസിന്റെ പ്രതീക്ഷ.

ഭാരത സമയം രാത്രി 9.30നാണ് കിക്കോഫ്. രാത്രി 12.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ അനായാസ ജയം ലക്ഷ്യമിട്ടാണ് നെതര്‍ലന്‍ഡ്സ് തുര്‍ക്കിക്കെതിരെ ഇറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മൂന്ന് ഗോളടിച്ച കോഡി ഗാഗ്പോ, ഡോണെല്‍ മാലെന്‍ എന്നിവരിലാണ് ഡച്ച്‌ ടീമിന്റെ പ്രതീക്ഷ. അതേസമയം തുര്‍ക്കിയുടെ ഏറ്റവും മികച്ച പ്രതീക്ഷയായ ഡെമറലിന് ഇന്ന് കളിക്കാന്‍ കഴിയില്ല എന്നത് തുര്‍ക്കിക്ക് തിരിച്ചടിയാകും. ഓസ്ട്രിയയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടറില്‍ രണ്ട് ഗോളടിച്ച ശേഷം വിവാദ ആംഗ്യം കാണിച്ചതിന് രണ്ട് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയതാണ് ഡെമറലിന് തിരിച്ചടിയായത്.

Leave a Reply

Your email address will not be published. Required fields are marked *