നഗരത്തിലെ ഓവുചാലിന് മുകളില്‍ കൂടി നടന്നുപോകുന്നവർ ഒന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ സ്ലാബിനിടയില്‍ കാല്‍ കുടുങ്ങും.
പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഓവുചാല്‍ സ്ലാബില്‍ കാല്‍ കുടുങ്ങിയവർ നിരവധിയാണ്. നീലേശ്വരം നഗരസിരാകേന്ദ്രമായ രാജാറോഡില്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഓവുചാല്‍ സ്ലാബ് താല്‍ക്കാലികമായി ഒന്നു നേരെയാക്കാൻപോലും നഗരസഭ അധികൃതർ തയാറാകുന്നില്ല.
സ്ലാബിന്റെ കോണ്‍ക്രീറ്റ് പൊളിഞ്ഞ് തള്ളിനില്‍ക്കുന്ന കമ്ബിക്കഷണങ്ങളില്‍ തട്ടി യാത്രക്കാർ വീഴുന്ന അവസ്ഥയുണ്ട്. പഴയ വസന്ത സ്റ്റുഡിയോക്ക് മുന്നിലും കനറാ ബാങ്കിന് സമീപം കവലവഴിക്കല്‍ എന്റർപ്രൈസസിനും കൗസല്യ ഗോള്‍ഡിന് മുന്നിലുമാണ് ഈ അപകടക്കുരുക്ക്.
ഇതുവഴി നടന്നുപോയ സ്ത്രീ വ്യാഴാഴ്ച ഉച്ചക്ക് അപകടത്തില്‍പെട്ടിരുന്നു. ഒന്നരവർഷത്തോളമായി ഇവിടെയുള്ള അപകടക്കുരുക്കിനെക്കുറിച്ച് നിരവധി തവണ നഗരസഭ അധികൃതർക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. നീലേശ്വരം ബസ് സ്റ്റാൻഡ്, രാജാസ് ഹയർ സെക്കൻഡറി സ്കൂള്‍, കനറാ ബാങ്ക്, എൻ.എസ്.സി ബാങ്ക് എന്നിവിടങ്ങളിലേക്കുള്ളവർ നടന്നുപോകുന്ന വഴിയിലാണ് അപകടക്കെണി.
ഓവുചാലില്‍ കല്ലിട്ട് നിറച്ചും തള്ളിനില്‍ക്കുന്ന കമ്ബികള്‍ മൂടിയില്ലാത്ത പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിവെച്ചും ഒരുപരിധിവരെ അപകടമൊഴിവാക്കുന്നത് സമീപത്തെ വ്യാപാരികളാണ്. എന്നാല്‍, പല തിരക്കുകളുമായി ഇതുവഴി നടക്കുന്നവർ ഊഴമിട്ട് അപകടത്തില്‍പെടുകയും ചെയ്യുന്നു. ഇതൊന്നും ശ്രദ്ധിക്കാൻ സമയം തീരെയില്ലെന്ന സ്ഥിതിയിലാണ് നഗരസഭ അധികൃതരുടെ പോക്ക്.