കർണാടകയില്‍ ഈ വർഷം ആറുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി മുതല്‍ ഈ മാസം നാല് വരെയുള്ള കണക്കുകള്‍ പ്രകാരം 6676 ഡെങ്കി ബാധിതരില്‍ 695 പേർ ആക്ടിവ് കേസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു.
ദക്ഷിണ കന്നട ജില്ല ചുമതലയുള്ള മന്ത്രി വെള്ളിയാഴ്ച വിവിധ പ്രദേശങ്ങള്‍ ആരോഗ്യ അധികൃതർക്കൊപ്പം സന്ദർശിച്ചു. കൊതുക് വളരാൻ സാധ്യതയുള്ളിടങ്ങള്‍ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിക്കാൻ നിർദേശം നല്‍കി. ആരോഗ്യ, ഗ്രാമവികസന, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ചേർന്ന് എല്ലാ വെള്ളിയാഴ്ചയും കൊതുക് നിർമാർജന യത്നം നടത്തണം.
ഹാസനില്‍ മൂന്നു കുട്ടികള്‍ മരിച്ചു
ബംഗളൂരു: ഹാസനില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്നു കുട്ടികള്‍ മരിച്ചതായി ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മൂന്നു കുട്ടികളുടെ മരണം റിപ്പോർട്ട് ചെയ്തത്. അർക്കല്‍ഗുഡ് സ്വദേശിനി അക്ഷത (13), ഹൊളെ നരസിപുർ സ്വദേശികളായ വഷിക (എട്ട്), കലാശ്രീ (11) എന്നിവരാണ് മരിച്ചത്.
ജില്ല ആശുപത്രിയില്‍ 11 കുട്ടികളടക്കം 48 ഡെങ്കി ബാധിതർ ചികിത്സയില്‍ കഴിയുന്നുണ്ട്. ബംഗളൂരുവില്‍ ആറു മാസത്തിനിടെയുള്ള ആദ്യ ഡെങ്കിപ്പനി മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.