ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന അധ്യക്ഷൻ അഡ്വ. ആംസ്ട്രോങ്ങിനെ വെട്ടിക്കൊന്ന സംഭവത്തില്‍ എട്ടു പേർ അറസ്റ്റില്‍.
കൊല്ലപ്പെട്ട ഗുണ്ട നേതാവ് ആർകോട് സുരേഷിന്‍റെ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. മുൻവൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് വിവരം.
ഇന്നലെ രാത്രി ഏഴു മണിയോടെ ചെന്നൈയിലാണ് 48കാരനായ ബി.എസ്.പി സംസ്ഥാന അധ്യക്ഷനെ വെട്ടിക്കൊന്നത്. പെരമ്ബലൂരിലുള്ള വസതിയില്‍ ഓണ്‍ലൈൻ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൃത്യം നടത്തിയത്. മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേർ ആംസ്‌ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മുൻ ചെന്നൈ കോർപറേഷൻ കൗണ്‍സിലറായ ആംസ്ട്രോങ് തമിഴ്നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.
സംഭവത്തെ തുടർന്ന് ചെന്നൈയിലെ പെരമ്ബൂർ, സെമ്ബിയം മേഖലകളില്‍ കൂടുതല്‍ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിനായി ആറ് പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ശക്തമായ ദലിത് ശബ്ദമായിരുന്നു ആംസ്ട്രോങ് എന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പ്രതികരിച്ചു. തമിഴ്നാട് സർക്കാർ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മായാവതി പ്രതികരിച്ചു.
അതേസമയം, തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെക്കെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില വഷളായതിന്‍റെ തെളിവാണ് കൊലപാതകമെന്ന് പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി കുറ്റപ്പെടുത്തി. ഒരു ദേശീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ കൊല്ലപ്പെടുമ്ബോള്‍ എന്ത് പറയാനാണ്? നിയമത്തെയോ പൊലീസിനെയോ ഭയക്കേണ്ടതില്ലാത്ത അവസ്ഥയാണെന്നും എടപ്പാടി പളനിസ്വാമി വിമർശിച്ചു.