പോഷക സമ്ബന്നമാണ് നിലക്കടല. പാവങ്ങളുടെ നട്സ് എന്നാണ് നിലക്കടല അറിയപ്പെടുന്നത്. മിതമായ അളവില്‍ ദിവസവും നിലക്കടല കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയ നിലക്കടല ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍, മറ്റ് ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ എന്നിവയാല്‍ സമ്ബന്നമാണ് നിലക്കടല. പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങിയ അടങ്ങിയ നിലക്കടല ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
വറുത്ത നിലക്കടല കൊറിക്കുന്ന ശീലമുള്ളവരാണ് പലരും. എന്നാല്‍ കുതിർത്ത നിലക്കടല രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ആരോഗ്യത്തിനേകുന്ന ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ലെന്നതാണ് വാസ്തവം. അവയില്‍ ചിലത് ഇതാ..
ശരീരഭാരം നിയന്ത്രിക്കാൻ
നിലക്കടല കഴിച്ചാല്‍ ശരീരഭാരം വർദ്ധിക്കുമെന്ന് കരുതി പലരും കപ്പലണ്ടിയെ അകറ്റി നിർത്തുന്നു. എന്നാല്‍ കുതിർത്ത നിലക്കടല കഴിച്ചാല്‍ ശരീരഭാരം കുറയുമെന്നതാണ് വാസ്തവം. പെട്ടെന്ന് വയർ നിറഞ്ഞത് പോലെ തോന്നിച്ച് വിശപ്പിനെ നിയന്ത്രിക്കാൻ നിലക്കടലയ്ക്ക് കഴിയും. മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറക്കുന്നതിനോടൊപ്പം ശരീരഭാരവും കുറയ്ക്കും.
ഹൃദയാരോഗ്യത്തിന്
മോണോസാച്ചുറേറ്റഡ്, പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ചീത്ത കൊഴുപ്പിന് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു
കുറഞ്ഞ ഗ്ലൈസമിക് ഇൻഡെക്സാണ് കപ്പലണ്ടിക്കുള്ളത്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്. ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റുകളും ഇതിലടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തിന്
കുതിർത്ത നിലക്കടലയില്‍ നിയാസിൻ, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നിയാസിൻ തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെയും ന്യൂറോ ട്രാൻസ്മിറ്റർ ഉല്പാദനത്തെയും സഹായിക്കുന്നു.
ദഹനത്തെ സഹായിക്കുന്നു
നിലക്കടലിലെ നാരുകള്‍ കുടലുകള്‍ക്ക് ഗുണം ചെയ്യുന്നു. മലബന്ധം, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് നിലക്കടല കുതിർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
ചർമാരോഗ്യത്തിന്
ആൻ്റി ഓക്സിഡൻ്റുകള്ക്കൊപ്പം വിറ്റാമിൻ ഇ, വിറ്റാമിൻ സി എന്നിവ നിലക്കടലയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
റെസ്വെറാട്രോള്‍ ഉള്‍പ്പെടെയുള്ള ആന്റിഓക്സിഡന്റുകള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതുവഴി വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നു.
തലേന്ന് വെള്ളത്തിലിട്ട് വച്ച് കുതിർന്ന നിലക്കടല രാവിലെ തൊലി കളഞ്ഞ് വെറുവയറ്റില്‍ കഴിക്കാവുന്നതാണ്. അമിതമായി കഴിച്ചാല്‍ ശരീരത്തിന് ദോഷം ചെയ്യും. ഗ്യാസ് പ്രശ്നങ്ങള്‍ക്കും നെഞ്ചരിച്ചിലിനും ഇത് കാരണമാകും. മിതമായ അളവില്‍ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.